കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി പുതുവര്‍ഷ ദിവ്യബലിയോടനുബന്ധിച്ച് 2018 ല്‍ വിവാഹിതരായ നവദമ്പതികളെയും, കുടുംബജീവിതത്തിന്റെ ജൂബിലി നിറവിലെത്തിയ ദമ്പതികളെയും, സന്യസ്ത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും (10 മുതല്‍ 50) അനുമോദിച്ചു. 

ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.തോമസ് വാഴക്കാലാ സിഎംഐ മുഖ്യകാര്‍മ്മികനായി സന്ദേശം നല്‍കി. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.ജോസ് വെള്ളൂര്‍ എസ്‌വിഡി  എന്നിവര്‍ സഹകാര്‍മ്മികരായി. ജോയല്‍ കുമ്പിളുവേലില്‍, നോയല്‍, നോബിള്‍ കോയിക്കേരില്‍, സണ്ണി വെള്ളൂര്‍ എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത്‌കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമദ്ധ്യേ നവദമ്പതികളും ജൂബിലേറിയന്മാരും കത്തിച്ച മെഴുകുതിരികള്‍ അള്‍ത്താരയില്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി.

ദിവ്യബലിയ്ക്കു ശേഷം നവദമ്പതികളെയും, വിവാഹ ജീവിതത്തിന്റെയും, സന്യസ്ത വ്രതവാഗ്ദാനത്തിന്റെയും വാര്‍ഷികം ആഘോഷിയ്ക്കുന്നവരെ അനുമോദിയ്ക്കുകയും ഇഗ്‌നേഷ്യസച്ചന്‍ വെളുത്ത റോസാപുഷ്പ്പം നല്‍കി ആദരിയ്ക്കുകയും ചെയ്തു. പൗരോഹിത്യത്തിന്റെ രണ്ടു പതിറ്റാണ്ട് നിറവിലെത്തിയ ഇഗ്‌നേഷ്യസ് അച്ചന് ഫാ.ജോസ് വെള്ളൂര്‍ വെളുത്ത റോസാപുഷ്പം നല്‍കി. തുടര്‍ന്നു കാപ്പി സല്‍ക്കാരത്തോടൊപ്പം കേക്കു മുറിച്ച് മധുരം പങ്കുവെച്ചു.. 

പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, ഡേവിഡ് അരീക്കല്‍, ടോമി തടത്തില്‍,ആന്റു സഖറിയ, ഷീബ കല്ലറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ജര്‍മനിയിലെ കൊളോണ്‍, എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെ  ഇന്ത്യാക്കാരുടെ  കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍  അംഗങ്ങളായുണ്ട്. സുവര്‍ണ്ണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയില്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഫാ.ഇഗ്‌നേഷ്യസ് ചാലിശ്ശേരി സിഎം.ഐ. ചാപ്‌ളെയിനായി സേവനം ചെയ്യുന്നു. 

ജോസ് കുമ്പിളുവേലില്‍