കൊളോണ്‍: കൊളോണ്‍ അതിരൂപതയില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ സോണല്‍ മീറ്റിംഗ് കൊളോണ്‍ റോണ്‍ഡോര്‍ഫിലെ ദേവാലയ പാരീഷ് ഹാളില്‍ നടന്നു. കൊളോണ്‍ അതിരൂപതാ വികാരി ജനറാള്‍ റവ.ഡോ.ഡൊമിനിക് മയറിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ റോണ്‍ഡോര്‍ഫ് ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുംതറ സ്വാഗതം ആശംസിച്ചു. ജര്‍മനിയിലെ സിഎംഐ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിക്കല്‍, ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം സിഎംഐ വൈദികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

അതിരൂപതയിലെ അജപാലനവുമായി സംബന്ധിച്ച വിവിധ വിഷയങ്ങള്‍ വികാരി ജനറലുമായി വൈദികര്‍ പങ്കുവെച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അജപാലന വൃത്തിയില്‍ അനുഷ്ഠിക്കേണ്ടതും പുതിയതായി നടപ്പിലാക്കേണ്ട കാര്യങ്ങളും വികാരി ജനറാള്‍ ഡോ.മയറിംഗ് വൈദികരുടെ ശ്രദ്ധയില്‍പ്പെടുത്തി. സോണല്‍ കോഓര്‍ഡിറ്റേര്‍ റ്യോസ്‌റാത്ത് സെന്റ് നിക്കോളാസ് ഇടവക വികാരി ഫാ.ജോസ് വടക്കേക്കര സമ്മേളനത്തില്‍ നന്ദി പറഞ്ഞു. റോണ്‍ഡോര്‍ഫ് ഇടവകാംഗങ്ങളായ ജോയി/ മറിയമ്മ മാണിക്കത്ത്, തോമസ്/ എല്‍സമ്മ പാനാലിക്കല്‍, റോസി മാര്‍ക്‌സ് എന്നിവര്‍ സമ്മേളനത്തിന് സഹായികളായി പ്രവര്‍ത്തിച്ചു.  

ജോസ് കുമ്പിളുവേലില്‍