ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത 12 ദിവസത്തെ ഉച്ചകോടിക്ക് (COP 23) പഴയ പശ്ചിമ ജര്‍മന്‍ തലസ്ഥാനമായ  ബോണില്‍ തുടക്കമായി. 196 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുന്നത്.

12 നാള്‍ നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ ആദ്യദിനം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജര്‍മന്‍ പരിസ്ഥതിവകുപ്പു മന്ത്രി ബാര്‍ബെറ ഹെന്‍ഡ്രിക് സ്വാഗതം ആശംസിച്ചു. ബോണ്‍ മേയറും മലയാളിയുമായ അശോക് ശ്രീധരന്‍, ജര്‍മന്‍ വികസന മന്ത്രി ഗെര്‍ഡ് മുള്ളര്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാരീസ് ഉടമ്പടി ഫലപ്രദമായി നടപ്പാക്കുന്നത് അടക്കം, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള നടപടികള്‍ക്ക് കരുത്തും വേഗവും വര്‍ധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. പാരീസ് ഉടമ്പടി ഒപ്പുവച്ച് രണ്ടു വര്‍ഷമാകുമ്പോഴാണ് വിശാലമായ പുതിയ ഉച്ചകോടി നടത്തുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ പതിവില്ലാത്ത വിധത്തില്‍ കാണപ്പെടുന്ന സാഹചര്യത്തിലാണ് ഈ ഉച്ചകോടി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. 

ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. ഏഷ്യ, അമേരിക്ക, കരീബിയന്‍ പ്രദേശങ്ങളില്‍ മില്യന്‍ കണക്കിന് ആളുകളെ ബാധിച്ച കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കു വരും.

ഇന്‍ഡ്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി, സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ ആണ് നയിക്കുന്നത്. ഉച്ചകോടിയില്‍ മിക്ക രാജ്യങ്ങളും തങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍ഡ്യന്‍ പവലിയന്റെ ഉദ്ഘാടനം മന്ത്രിമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ നിര്‍വഹിച്ചു. സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എ.കെ.മേത്ത, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബോണിലെ യുഎന്‍ സെന്ററില്‍ നവംബര്‍ 6 ന് ആരംഭിച്ച ഉച്ചകോടി ഈ മാസം 17 ന് സമാപിക്കും.

ജോസ് കുമ്പിളുവേലില്‍