മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16 ന് നടക്കും. 

ഒക്ടോബര്‍ 16 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് മത്സരങ്ങള്‍ നടക്കുക. ഓള്‍ യുകെ തലത്തില്‍ ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ ഉള്ള പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. യുകെ മലയാളികളായിട്ടുള്ള ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ ഉള്ള ആര്‍ക്കും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. മെയ്ഡ്‌സ്റ്റോണ്‍ സെന്റ് അഗസ്റ്റിന്‍ അക്കാദമിയുടെ ബാഡ്മിന്റണ്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഒരേ സമയം അഞ്ചു ഗെയിമുകള്‍ നടത്താവുന്ന രീതിയിലാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. 

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 25 ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ടീം ഒന്നിന് 30 പൗണ്ട് ആയിരിക്കും. ഗ്രൂപ്പ് സ്റ്റേജില്‍ വിവിധ പൂളുകളില്‍ നിന്ന് മുന്നിലെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ എന്നിവ നടക്കും. ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ക്ക് 301 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫികളും ലഭിക്കും. റണ്ണര്‍ അപ്പ് ആകുന്ന ടീമിന് 201 പൗണ്ടും ട്രോഫികളും, മൂന്നും നാലും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 101, 51 പൗണ്ടും ട്രോഫികളും സമ്മാനിക്കും. 

യുകെ മലയാളികള്‍ തമ്മില്‍ സാഹോദര്യവും ഐക്യവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ വിജയിപ്പിക്കുവാനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റണിലേക്ക് ക്ഷണിക്കുന്നതായി ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ രെഞ്ചു വര്‍ഗീസ് അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

രെഞ്ചു വര്‍ഗീസ് - 07903158434
രാജി - 07828946811

വാര്‍ത്തയും ഫോട്ടോയും : ആന്റണി മിലന്‍ സേവ്യര്‍