വിയന്ന: വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാത്രമായി ഓസ്ട്രിയയില്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ നവംബര്‍ 22 തിങ്കള്‍ മുതല്‍ അടുത്ത 20 ദിവസത്തേയ്ക്ക് രാജ്യത്ത് മുഴുവന്‍ എല്ലാവര്‍ക്കുമായി ഏര്‍പ്പെടുത്തി.  

തിങ്കളാഴ്ച മുതല്‍ നാലാമത്തെ സമ്പൂര്‍ണ ലോക്ക്ഡൗണാണ് ഓസ്ട്രിയ നേരിടുന്നത്. 20 ദിവസത്തേക്ക് രാജ്യവ്യാപകമായിട്ടാണ് ലോക്ക്ഡൗണ്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, തുടര്‍ന്ന് വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്ക് മാത്രമായി വീണ്ടും ലോക്ക്ഡൗണ്‍ നീട്ടും.

സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും. അതേസമയം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ കഴിയാനും പഠന പാക്കേജുകള്‍ സ്വീകരിക്കാനും അനുവാദമുണ്ട്. FFP2 മാസ്‌ക് എല്ലാ സ്ഥലങ്ങളിലും നിര്‍ബന്ധമാക്കി. രാത്രികാല കാറ്ററിംഗിനും വലിയ ഇവന്റുകള്‍ക്കും 2G പ്ലസ് നിയമം കര്‍ശനമാക്കി.

ലോക്ക്ഡൗണ്‍ മൂലം വ്യവസായങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ സഹായ നടപടികള്‍ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഡിഫോള്‍ട്ട് ബോണസ് വീണ്ടും നല്‍കും. നഷ്ടപരിഹാരത്തുകയും നീട്ടും. ദുരിതബാധിതര്‍ക്കുള്ള ഫണ്ടും വിപുലീകരിക്കും.

15,809 പുതിയ കൊറോണ കേസുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. ഒപ്പം 520 രോഗികള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നിര്‍ബന്ധിത വാക്സിനേഷനായുള്ള നിയമനിര്‍മ്മാണ നടപടിക്രമം ആരംഭിച്ചട്ടുണ്ട്. 2022 ഫെബ്രുവരി 1 മുതല്‍ വാക്സിനേഷന്‍ എടുക്കാന്‍ നിയമപരമായ ആവശ്യകതയുണ്ടാകുമെന്നും ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് പറഞ്ഞു. വാക്‌സിനേഷന്റെ കാര്യത്തില്‍ ഓസ്ട്രിയ മറ്റ് രാജ്യങ്ങളെക്കാള്‍ പിന്നിലാണെന്നത് ലജ്ജാകരമാണെന്ന് സാമ്പത്തിക മന്ത്രി മാര്‍ഗരറ്റ് ഷ്രാംബോക്ക് കുറ്റപ്പെടുത്തി.

രാജ്യത്തെ കൊറോണ റിപ്പോര്‍ട്ടിംഗ് സംവിധാനം തന്നെ താറുമാറാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാങ്കേതിക സംവിധാനത്തില്‍ അമിതമായ ഡാറ്റ ഉപയോഗം കാരണം എപ്പിഡെമിയോളജിക്കല്‍ രജിസ്റ്ററില്‍ ഇനി നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം ഫെഡറല്‍ സംസ്ഥാനങ്ങളോടും ലബോറട്ടറികളോടും ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു.

യൂറോപ്പിലെ പല രാജ്യങ്ങളിലും വരുംദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നേക്കും.

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി