ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെയും, സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളുടെയും കിക്ക്ഓഫ്  ഡിസംബര്‍ 9 ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ  എല്ലാ ദേവാലയങ്ങളിലും നടക്കും. ഭദ്രാസന തല കിക്ക് ഓഫ്  ഡിസംബര്‍ 8 ന് ലോസ്ആഞ്ജലിസ് സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വഹിക്കും.  2019  ജൂലൈ 17  മുതല്‍ 20  വരെ ഷിക്കാഗോ ഹില്‍ട്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുക. (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ഷിക്കാഗോയിലുള്ള ഇടവകകളുടെ സഹകരണത്തിലും, ഭദ്രാസന കൗണ്‍സിലിന്റെയും ആധ്യാത്മിക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും വിവിധ കമ്മിറ്റികള്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം നിര്‍വഹിക്കും.