Young Georgia Resident Charged with Murder of Fatherജോര്‍ജിയ: പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ (25) ജോര്‍ജിയ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലായ് 22 ന് വൈകീട്ട് ജോര്‍ജിയ ഫോര്‍സിത്ത് കൗണ്ടിയിലായിരുന്നു സംഭവം. സദാശിവകുമാരസ്വാമിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും രാജീവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് പിതാവിനെ നിരവധി തവണ വെടിവെക്കുകയുമായിരുന്നുവെന്നാണ് ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സദാശിവകുമാരസ്വാമിയുടെ വീട്ടില്‍വെച്ചായിരുന്നു വെടിവെപ്പുണ്ടായത്. കുടുംബാംഗം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസ് രാജീവിനെ വീട്ടില്‍ വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. പിതാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും പോലീസ് പറഞ്ഞു.

രാജീവിനെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ജൂലായ് 23 ന് രാജീവിനെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍