ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരാറുള്ള ക്രിസ്തുമസ് കരോള്‍ ഷിക്കാഗോയില്‍ ആരംഭിച്ചു. 

സന്തോഷത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും സമഭാവനയുടെയും സദ് വാര്‍ത്തയുമായി വികാരി ഫാ.ഡാനിയേല്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ചോക്ക്ലേറ്റും, സമ്മാനപ്പൊതികളുമായി കത്തീഡ്രലിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചുവരുന്നു. 

ഡിസംബര്‍ 24 ന് വൈകീട്ട് 6.30 ന് ക്രിസ്തുമസ് ഈവ് ആഘോഷങ്ങള്‍ നടക്കും. 25 ന് രാവിലെ 8.30-ന് പ്രഭാത നമസ്‌കാരം, 9.30-നു വിശുദ്ധ കുര്‍ബാനയും ക്രിസ്തുമസിന്റെ പ്രത്യേക ആരാധനയും നടക്കും. ആരാധനയില്‍ 'ബെല്‍വുഡ് വോയ്സ്' ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നു വിഭവസമൃദ്ധമായ ക്രിസ്തുമസ് ലഞ്ച് ഉണ്ടായിരിക്കും. 

ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളും, യുവജനങ്ങളും, മുതിര്‍ന്നവരും പങ്കെടുക്കുന്ന ഗാനങ്ങള്‍, സ്‌കിറ്റ്, കരോള്‍ ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. മികച്ച വിജയം കൈവരിച്ച സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും, പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. 

ഡിസംബര്‍ 31 ന് തിങ്കളാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. 

ജനുവരി 1 ന് രാവിലെ 8.30-നു പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും. ഫാ.ഡാനിയേല്‍ ജോര്‍ജ്, പി.സി വര്‍ഗീസ്, ഷിബു മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

ജോയിച്ചന്‍ പുതുക്കുളം