ടൈഗര്‍ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടുന്യൂയോര്‍ക്ക്: മന്‍ഹാട്ടന്‍ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറും ഇന്ത്യന്‍ വംശജയുമായ രോഹിത ഭണ്ഡാരി (49) ഡൈവിംഗ് നടത്തുന്നതിനിടെ ടൈഗര്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

പതിനെട്ട് അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ അടങ്ങുന്ന സംഘം കോസ്റ്ററിക്കായില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. ഡൈവിംഗ് പരിശീലകനോടൊപ്പമായിരുന്നു വെള്ളത്തിലേക്ക് ഇറങ്ങിയത്. ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍പ്പെട്ട സ്രാവ് പെട്ടെന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോബു ഐലന്റിലെ നാഷണല്‍ പാര്‍ക്ക്. രോഹിതയെ രക്ഷിക്കുന്നതിനു ശ്രമിച്ച പരിശീലകനും സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കാലിന് ഗുരുതരമായി പരിക്കേറ്റ രോഹിതയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും രക്തം വാര്‍ന്നുപോയതാണ് മരണകാരണമെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അപ്പര്‍ ഈസ്റ്റ് സൈഡില്‍ താമസിച്ചിരുന്ന ഭണ്ഡാരി മന്‍ഹാട്ടന്‍ ചാരിറ്റി സര്‍ക്യൂട്ടില്‍ സ്ഥിരസാന്നിധ്യമായിരുന്നു. മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതല്‍ കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്സിന്റെ ഇന്‍വെസ്റ്റ് മെന്റ് ഹോമില്‍ ജീവനക്കാരിയാണ്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍