ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ 'മാഗ് സ്‌പോര്‍ട്‌സിന്റെ 20-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെട്ട വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആവേശോജ്വലമായ ഫൈനല്‍ മത്സരത്തില്‍ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ് റെഡ് ടീമിനെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് (2523, 2522, 2521) പരാജയപ്പെടുത്തി മല്ലു സ്പൈക്കേഴ്സ് ടീം മാഗ് എവര്‍റോളിങ് ട്രോഫി സ്വന്തമാക്കി. 

നവംബര്‍ 20 ന് ശനിയാഴ്ച ഹ്യൂസ്റ്റണ്‍ ട്രിനിറ്റി സെന്ററില്‍ നടന്ന വോളിബോള്‍ മാമാങ്കത്തില്‍ ഹൂസ്റ്റണ്‍, ഡാലസ്, സാന്‍ അന്റോണിയോ, ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള പ്രമുഖ വോളിബോള്‍ കളിക്കാരടങ്ങിയ ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. 

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എംവിപി (MVP) ട്രോഫി ജുവെന്റോ വര്‍ഗീസ് (മല്ലു സ്പൈക്കേഴ്സ്), ബെസ്റ്റ് ഒഫന്‍സ്: ജെറെമി വര്‍ക്കി (ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ് റെഡ്) ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍ ആയി ജെയ്‌സണ്‍ വര്‍ക്കി (ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ് റെഡ്) ബെസ്റ്റ് സെറ്റര്‍: റയാന്‍ അലക്‌സ് (മല്ലു സ്പൈക്കേഴ്സ്), റൈസിംഗ് സ്റ്റാര്‍ ഓഫ് ദി ടൂര്‍ണമെന്റ് സില്‍വാനസ് സജു (ഡാളസ് സ്ട്രൈക്കേഴ്സ്) എന്നിവര്‍ വ്യക്തിഗത ട്രോഫികള്‍ കരസ്ഥമാക്കി. 

ഈ വര്‍ഷം മുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഫൈനലില്‍ എത്താന്‍ കഴിയാതിരുന്ന എല്ലാ ടീമുകളില്‍ നിന്നും മികച്ച കളിക്കാരെ കണ്ടെത്തി 'ഓള്‍ സ്റ്റാര്‍സ്' ട്രോഫികള്‍ സമ്മാനിച്ചു. നെല്‍സണ്‍ ജോസഫ് (ഡാലസ് സ്ട്രൈക്കേഴ്സ്) താരിഖ് ഷാജഹാന്‍ (ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ് ബ്ലൂ) റൂബിന്‍ ഉമ്മന്‍ (ഹൂസ്റ്റണ്‍ ചലഞ്ചേഴ്സ് ഗ്രീന്‍) അശോക് തൈശ്ശേരില്‍ (ഹൂസ്റ്റണ്‍ ഹിറ്റ് മെന്‍) എന്നിവര്‍ ഓള്‍ സ്റ്റാര്‍സ് ട്രോഫികള്‍ സ്വന്തമാക്കി. 

നവംബര്‍ 20 ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച മത്സരങ്ങള്‍ മാഗ് പ്രസിഡന്റ് വിനോദ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. 

അലക്‌സ് പാപ്പച്ചന്‍, വിനോദ് ചെറിയാന്‍, ജിജോ മാത്യു, റെസ്ലി മാത്യൂസ് എന്നിവരടങ്ങുന്ന ടീം, സ്‌കോര്‍ ബോര്‍ഡ് നിയന്ത്രിച്ചു.മാഗ് ഫേസ്ബുക് ലൈവില്‍ തത്സമയ സംപ്രേക്ഷണത്തിന് ജോജി ജോസഫ് നേതൃത്വം നല്‍കി. 

മാഗ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റെജി കോട്ടയം, ഭാരവാഹികളായ വിനോദ് വാസുദേവന്‍ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലില്‍ (ട്രഷറര്‍), മാഗിന്റെ മറ്റ് ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. 

ടൂര്‍ണമെന്റില്‍ ഹെന്റി മുണ്ടാടന്‍ (മെഗാ സ്‌പോണ്‍സര്‍ - അബാക്കസ് ട്രാവല്‍സ്), വിശിഷ്ടാതിഥിയായ ഫാ.ജെക്കു സഖറിയ എന്നിവര്‍ വിജയികള്‍ക്കും റണ്ണര്‍ അപ്പിനുമുള്ള ട്രോഫികള്‍ സമ്മാനിച്ചു. വിജയികള്‍ക്കുള്ള ട്രോഫി റെജി കുര്യനും റണ്ണര്‍ അപ്പിനുള്ള ട്രോഫി രാജേഷ് വര്‍ഗീസ് (ആര്‍വിഎസ് ഇന്‍ഷൂറന്‍സ്) സന്തോഷ് തുണ്ടിയില്‍ ആന്‍ഡ് ഫാമിലി എംവിപി ട്രോഫിയും റെനി തോമസ് ആന്‍ഡ് ഫാമിലി റൈസിങ് സ്റ്റാര്‍ ട്രോഫിയും സംഭാവന ചെയ്തു. 

മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ആന്‍ഡ് ഫാമിലി ഗ്രാന്‍ഡ് സ്പോണ്‍സര്‍ ആയിരുന്നു. യുജിഎം എന്റെര്‍റ്റൈന്മെന്റ്‌സ്, അപ്നാ ബസാര്‍ മിസ്സോറി സിറ്റി എന്നിവര്‍ മറ്റു സ്‌പോണ്‍സര്‍മാരായിരുന്നു.

മാഗ് സ്‌പോര്‍ട്‌സിന്റെ നാളിതു വരെ നടത്തിയ എല്ലാ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കും ചുക്കാന്‍ പിടിച്ച സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റെജി കോട്ടയം ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, നടത്തിപ്പിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും കാണികളായി എത്തിയ എല്ലാ ഹൂസ്റ്റണ്‍ വോളിബോള്‍ പ്രേമികള്‍ക്കും 'മാഗ്' സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നന്ദി അറിയിച്ചു.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാഗിന് ഈ വര്‍ഷം ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടത്താനായത് ഹൂസ്റ്റണിലെ നല്ലവരായ കായിക പ്രേമികളുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി