ന്യൂയോര്‍ക്ക്: സ്‌കൂള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റ വിദ്യാര്‍ത്ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നവംബര്‍ 18 ന് അപ്പീല്‍ കോര്‍ട്ട് വിധിച്ചു. ഇത്തരം കേസില്‍ ന്യൂയോര്‍ക്കില്‍ ആദ്യമായാണ് 29 മില്യണ്‍ നഷ്ടപരിഹാരം വിധിക്കുന്നത്. 

2014 ല്‍ ബേക്കണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അലോണ്‍സൊ യെന്‍സിനാണ് ക്ലാസില്‍ റെയ്ന്‍ ബൊ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റത്. 16 വയസു പ്രായമുണ്ടായിരുന്ന അലോണ്‍സൊയുടെ ശരീരത്തില്‍ 30 ശതമാനം പൊള്ളലേറ്റിരുന്നു.

പെട്ടെന്ന് തീപിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയ്്ന്‍ബൊ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിച്ചത്.

തീപ്പൊള്ളലേറ്റ വിദ്യാര്‍ത്ഥി സിറ്റി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും സ്‌കൂള്‍ അധ്യാപിക അന്നപൂളിനെയുമാണ് നഷ്ടപരിഹാരകേസില്‍ പ്രതി ചേര്‍ത്തിരുന്നത്.

അറുപത് മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം നല്‍കാന്‍ ജൂറി വിധിച്ചതെങ്കിലും അപ്പീല്‍സ് കോര്‍ട്ട്, തുക 29 മില്യണാക്കി കുറക്കുകയായിരുന്നു. 

അലോണ്‍സൊ അനുഭവിച്ച വേദനക്ക് നഷ്ടപരിഹാരമായി 12 മില്യണും ഭാവി ജീവിതം സുഗമമായി നയിക്കുന്നതിന് 17 മില്യണ്‍ ഡോളറുമാണ് കോടതി വിധിച്ചിരിക്കുന്നത്.

സ്‌കൂള്‍ ലാബില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇത്തരം പരീക്ഷണങ്ങള്‍ സിറ്റിസ്‌കൂളുകളില്‍ നിരോധിച്ചുകൊണ്ട് ലോ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍