ഡാലസ്: പന്ത്രണ്ടിനും പതിനഞ്ചിനും വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് ഡാലസ് കൗണ്ടിയില്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ 5000 ത്തിലധികം കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്തതായി കൗണ്ടി അധികൃതര്‍ അറിയിച്ചു. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ 16 വയസിനു മുകളിലുള്ളവര്‍ക്കുമാത്രമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്.

എഫ്ഡിഎ,, സിഡിസി അംഗീകാരം ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ നല്‍കുന്നതിന് നോര്‍ത്ത് ടെക്‌സാസ് കൗണ്ടികള്‍ തയ്യാറായതായി അധികൃതര്‍ പറയുന്നു.

ഈ ആഴ്ചയില്‍ തന്നെ അതിനുള്ള അംഗീകാരം ലഭിക്കണമെന്നതിനാലാണ് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഡാലസ് ഫെയര്‍ പാര്‍ക്കാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സുപ്രധാന പങ്ക് വഹിച്ചത്.

കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മാതാപിതാക്കള്‍ പ്രത്യേകം താല്പര്യമെടുത്ത് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും കുട്ടികളുമായി വാക്‌സിന്‍ നല്‍കുന്ന സ്ഥലത്തേക്ക് വരാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. സ്‌കൂളുകളില്‍ നിന്നും കുട്ടികളെ വാക്‌സിന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍