വാഷിങ്ടണ്‍ ഡിസി: ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യു.എസ്.ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത സീനിയര്‍ ലവല്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം ജൂലായ് 26 നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

2020 മുതല്‍ നിലവില്‍ വന്ന യാത്രനിയന്ത്രണങ്ങള്‍ തത്കാലം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചു വരുന്നു. പ്രത്യേകിച്ച് വാക്‌സിനേറ്റ് ചെയ്യാത്തവരിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അടുത്ത ആഴ്ചകളില്‍ ഇത് വീണ്ടും വര്‍ധിക്കുന്നതിനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസിനെ പ്രതിനിധീകരിച്ച് ജെന്‍ സാക്കി അറിയിച്ചു.

യു.എസ്.പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് യുണൈറ്റഡ് കിങ്ഡം, യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 4 ദിവസം മുമ്പ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നും മെയ് മാസം മുതല്‍ തന്നെ യു.എസ്. പൗരന്മാരല്ലാത്തവര്‍ക്ക് യാത്രാനുമതി നിഷേധിച്ചിരുന്നു.

യു.എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോഷ്‌ലി വലന്‍സ്‌കി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം മുന്‍ ആഴ്ചയേക്കാള്‍ അമേരിക്കയില്‍ 53 ശതമാനം വര്‍ധിച്ചുവരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോള്‍ നിലനില്‍ക്കുന്ന യാത്രാനിയന്ത്രണങ്ങള്‍ എന്ന് പിന്‍വലിക്കുമെന്നതിന് വൈറ്റ് ഹൗസ് വിശദീകരണം നല്‍കിയിട്ടില്ല.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍