വാഷിങ്ടണ്‍ ഡി.സി.: തിരഞ്ഞെടുപ്പില്‍ വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയാല്‍ കോവിഡ്19 എന്ന മഹാമാരിയെ പൂര്‍ണമായും നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ബൈഡന്‍. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായി വരുന്നുവെന്ന് അറിഞ്ഞതോടെയാണ് ബൈഡന്‍ മഹാമാരിയെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്താല്‍ ഉടനെ ഇതിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാസ്‌ക് ധരിക്കുന്നതിന് നിര്‍ബന്ധിക്കുമെന്നും സാമൂഹികഅകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ബൈഡന്‍ പറഞ്ഞു. ജനുവരി മുതല്‍ അമേരിക്കയില്‍ പടര്‍ന്ന് പിടിച്ച ഈ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള വിവിധ വശങ്ങള്‍ പരിഗണിക്കുകയാകും ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രഥമ കര്‍ത്തവ്യമെന്ന് ബൈഡനോടടുത്തുള്ള വൃത്തങ്ങള്‍ അറിയിച്ചു.

വലിയ സ്റ്റിമുലസ് ചെക്കുകള്‍ നല്‍കിയും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയും കൂടുതലാളുകളെ വീട്ടില്‍ തന്നെ ഇരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകും. അധികാരമേറ്റെടുത്തശേഷം കോവിഡ്19 നെതിരെയുള്ള വാക്‌സിനേഷന്‍ വിതരണവും വ്യാപകമാക്കും.

പക്ഷേ ഇതെല്ലാം നടപ്പാകണമെങ്കില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന ഗവര്‍ണര്‍മാരുടെ സഹകരണം കൂടി ലഭിക്കേണ്ടതുണ്ട്. നാഷണല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന ബൈഡന്റെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അതിനെതിരെ ചില ഗവര്‍ണര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍