ഓസ്റ്റിന്‍: ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സാസ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം അനുവദിക്കരുതെന്ന് ടെക്‌സാസ് യു.എസ്. ഹൗസിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഷെല്ലി ലൂഥര്‍ അഭിപ്രായപ്പെട്ടു.

ചൈനയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളാണെന്നാണ് ഇതിനടിസ്ഥാനമായി ഷെല്ലി ചൂണ്ടിക്കാണിച്ചത്. ഷെല്ലിയുടെ ഈ അഭിപ്രായപ്രകടനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

'നോ മോര്‍ കമ്യൂണിസ്റ്റ്' എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചൈനയിലെ കമ്യൂണിസ്റ്റുകളുടെ അടുത്ത തലമുറക്ക് ടെക്‌സാസ് നികുതിദായകര്‍ ഒരിക്കലും ആനുകൂല്യം നല്‍കേണ്ടെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കില്‍ ഇമിഗ്രേഷന്‍ പോലും നിഷേധിക്കാവുന്ന നിയമവ്യവസ്ഥയാണ് ഇവിടെയുള്ളത്.

ഡിസ്ട്രിക്റ്റ് 62 ല്‍ നിന്നാണ് ലൂഥര്‍ സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഇവര്‍ നിലവിലുള്ള ഹൗസ് പ്രതിനിധി റെഗ്ഗി സ്മിത്തിനെയാണ് നേരിടുന്നത്. ഇതിനുമുമ്പ് ഇവര്‍ ടെക്‌സാസ് സെനറ്റിലേക്ക് മത്സരിച്ചിരുന്നു. ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ഏഷ്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും ഇത് തികച്ചും അനീതിയാണെന്ന് ഹൂസ്റ്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെനി വു പറഞ്ഞു. ഏഷ്യന്‍ വംശജര്‍ക്കെതിരെയുള്ള ഹേറ്റ് ക്രൈംസ് 2020ല്‍ 70 ശതമാനം വര്‍ധിച്ചുവെന്നാണ് എഫ്‌സിഐ റിപ്പോര്‍ട്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍