ഇല്ലിനോയ്: ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ പ്രാരംഭമായി ഡല്‍ഹിയിലും ബെംഗളൂരുവിലും റിക്രൂട്ടിങ് ഓഫീസുകള്‍ തുറക്കുന്നതിന് യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. മെയ്ന്‍ ഓഫീസ് ഡല്‍ഹിയിലും ബ്രാഞ്ച് ഓഫീസ് ബെംഗളൂരുവിലും ആയിരിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജുവേറ്റ് വിവേക് ഡാമല്ലിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയില്‍ നിയമിക്കാന്‍ ജൂലായ് 22-ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു.

ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളിലായി ഇന്ത്യയില്‍നിന്നുള്ള 2848 വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു. ചൈന ഒഴിച്ച് മറ്റു രാജ്യങ്ങളില്‍നിന്നും ഇവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.

ഇന്ത്യയില്‍നിന്നും ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പഠിക്കുന്നതിന് താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനും അവരെ ഇവിടെ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഡല്‍ഹിയിലുള്ള ലേയ്‌സണ്‍ ഓഫീസ് പൂര്‍ത്തീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ടിം കില്ലീന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സുമായി ബന്ധപ്പെടേണ്ടതാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍