ഇന്ത്യയിലെ യുണൈറ്റഡ് നേഷന്‍സ് റെസിഡന്റ് കോ-ഓര്‍ഡിനേറ്ററായി അമേരിക്കയിലെ ഷോംബി ഷാര്‍പ്പിനെ, ആതിഥേയ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ, യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു.

രാജ്യതല വികസന കാര്യത്തില്‍ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയായി ഷാര്‍പ്പ് സേവനം അനുഷ്ഠിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി മെച്ചപ്പെട്ട ഉണര്‍വ് വീണ്ടെടുക്കാനുള്ള ദേശീയ കോവിഡ്19 പ്രതികരണ പദ്ധതികള്‍ക്ക് യുഎന്‍ ഇന്ത്യയുടെ പിന്തുണ ഉള്‍പ്പെടെയുള്ള യുഎന്‍ ടീമിന്റെ 
പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും.

അന്തര്‍ദ്ദേശീയമായി സമഗ്രവും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഷാര്‍പ്പ് കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരികയാണ്. ഐക്യരാഷ്ട്രസഭയില്‍ നിന്നും അതിന് പുറത്തുനിന്നും ആര്‍ജ്ജിച്ച അനുഭവ സമ്പത്ത് ഈ പുതിയ പദവിയില്‍ മുതല്‍ക്കൂട്ടാകും. അടുത്തിടെ അര്‍മേനിയയില്‍ യുണൈറ്റഡ് നേഷന്‍സ് റസിഡന്റ് കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചിരുന്നു. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ (UNDP) നിരവധി നേതൃസ്ഥാനങ്ങള്‍ വഹിച്ച ശേഷം, അര്‍മേനിയയിലെ റസിഡന്റ് റപ്രസെന്റേറ്റീവ്, ജോര്‍ജിയയിലെ ഡെപ്യൂട്ടി റെസിഡന്റ് റപ്രസെന്റേറ്റീവ്, ലെബനനിലെ ഡെപ്യൂട്ടി കണ്‍ട്രി ഡയറക്ടര്‍, യുഎന്‍ഡിപി യൂറോപ്പിനും റഷ്യന്‍ ഫെഡറേഷനിലെ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിനും വേണ്ടിയുള്ള റീജിയണല്‍ എച്ച്‌ഐവി/എയിഡ്‌സ് പ്രാക്ടീസ് ടീം ലീഡര്‍, ന്യൂയോര്‍ക്കിലെ വെസ്റ്റേണ്‍ ബാള്‍ക്കന്‍സില്‍ പ്രോഗ്രാം മാനേജര്‍, റഷ്യന്‍ ഫെഡറേഷനില്‍ അസിസ്റ്റ് റസിഡന്റ് റപ്രസന്റേറ്റീവ് എന്നിങ്ങനെയുള്ള നിരവധി നേതൃ പദവികള്‍ വഹിച്ചു. 

ഐക്യരാഷ്ട്രസഭയില്‍ ചേരുന്നതിന് മുമ്പ്, ഷാര്‍പ്പ് സിംബാബ്വെയിലെ നോണ്‍.-പ്രോഫിറ്റ് കെയര്‍ ഇന്റര്‍നാഷണലുമായ് വികസന രംഗത്ത് കരിയറിന് തുടക്കം കുറിച്ചു. ഹെല്‍ത്ത് ഇക്കണോമിക്‌സില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (USAID) 'പോളിസി ചാമ്പ്യന്‍' ആയിരുന്ന അദ്ദേഹം യുഎന്‍ഡിപി അഡ്മിനിസ്‌ട്രേറ്റര്‍ അവാര്‍ഡിനുള്ള നോമിനിയും ആയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ സ്റ്റേല്ലന്‍ബോഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എച്ച്‌ഐവി/എയിഡ്‌സ് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ നേടി; യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം; യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.