യുവജനങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബര്‍ 23 ന് വൂള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന പ്രചോദനാത്മക പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഒരുക്കിക്കൊണ്ടാണ് ദിനാഘോഷം വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷം ജി സി എസ് ഇ, എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാര്‍ഡുകള്‍ നല്കി യുക്മ ആദരിക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകരില്‍ മുന്‍നിരയില്‍ എത്തിയ പത്ത് വിദ്യാര്‍ത്ഥികള്‍ വീതമാണ് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മ പുതു തലമുറയ്ക്ക് നല്കുന്ന സ്നേഹോപഹാരം എന്ന നിലയിലാണ് ആദ്യസ്ഥാനക്കാരായ പത്തുപേര്‍ക്ക് വീതം അവാര്‍ഡുകള്‍ നല്‍കാനുള്ള തീരുമാനം.
ജി സി എസ് ഇ വിഭാഗത്തില്‍ സെറീന സെബാസ്ററ്യന് (ക്രോയ്ഡണ്‍), മാനുവല്‍ വര്‍ഗീസ് ബേബി (യോവില്‍), ആഷ്ലന്‍ സിബി (മാഞ്ചസ്റ്റര്‍), ആഗ്നോ കാച്ചപ്പള്ളി (സട്ടന്‍), ഐവിന് ജോസ് (ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍), അമിത് ഷിബു (എര്‍ഡിംഗ്ടണ്‍), ആനി അലോഷ്യസ് (ല്യൂട്ടന്‍) എന്നിവര്‍ 'ഔട്ട്സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്മെന്റ് അവാര്‍ഡി'നും; ഡെനിസ് ജോണ്‍ (വാറ്റ്ഫോര്‍ഡ്), ലിയാം ജോര്‍ജ്ജ് ബെന്നി (ഷെഫീല്‍ഡ്), ജെര്‍വിന്‍ ബിജു (ബര്‍മിംഗ്ഹാം) എന്നിവര്‍ 'അക്കാഡമിക് എക്സലന്‍സ് അവാര്‍ഡി'നും അര്‍ഹത നേടി.
എ - ലെവല്‍ വിഭാഗത്തില്‍ അലീഷ ജിബി (സൗത്താംപ്റ്റണ്‍), പ്രണവ് സുധീഷ് (കെറ്ററിംഗ്), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റര്‍), കുര്യാസ് പോള്‍ (ല്യൂട്ടന്‍), സറീന അയൂബ് (ക്രോയ്ഡണ്‍), മേഘ്ന ശ്രീകുമാര്‍ (ഗ്ലോസ്റ്റര്‍ഷെയര്‍) എന്നിവര്‍ 'ഔട്ട്സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്മെന്റ് അവാര്‍ഡി'നും; ശ്വേത നടരാജന് (ബര്‍മിംഗ്ഹാം), ക്ലാരിസ് പോള്‍ (ബോണ്‍മൗത്ത്), ലക്ഷ്മി ബിജു (ഗ്ലോസ്റ്റര്‍ഷെയര്‍), അന്ന എല്സോ (റെഡിച്ച്) എന്നിവര്‍ 'അക്കാഡമിക് എക്സലന്‍സ് അവാര്‍ഡി'നും അര്‍ഹത നേടി.
യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സെലിന സജീവ്, ഡോ.ബിജു പെരിങ്ങത്തറ, ദേശീയ ഉപദേശക സമിതി അംഗം തമ്പി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവജന ദിനാഘോഷങ്ങളുടെയും അവാര്‍ഡ് ദാനചടങ്ങുകളുടെയും ഒരുക്കങ്ങള്‍ ചിട്ടയായി പുരോഗമിച്ചുവരുന്നു.
യുക്മ ദേശീയ ഭാരവാഹികളായ മനോജ്കുമാര്‍ പിള്ള, അലക്സ് വര്‍ഗീസ്, അനീഷ് ജോണ്‍, അഡ്വ.എബി സെബാസ്ററ്യന്, സാജന് സത്യന്, ടിറ്റോ തോമസ്, റീജിയണല്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങി വിപുലമായ നേതൃനിര യുവജനാഘോഷ പരിപാടികളില്‍ എത്തിച്ചേരുന്നവരെ സ്വീകരിക്കുവാന്‍ ബര്‍മിംഗ്ഹാമില്‍ ഉണ്ടായിരിക്കും. പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ പത്ത് പൗണ്ട് പ്രവേശന ഫീസ് നല്‍കേണ്ടതാണ്. ഭക്ഷണം സംഘാടകര്‍ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുന്നവര്‍ 9:30 ന് തന്നെ രജിസ്ട്രേഷന് നടത്തേണ്ടതാണ്. യുവജനദിന പരിപാടികളോടനുബന്ധിച്ച് നവംബര്‍ 23 ന് തന്നെ ആയിരിക്കും അവാര്‍ഡ് ദാനവും നടക്കുക. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:- UKKCA Community Centre, 83 Woodcross Lane, Bilston - WV14 9BW
വാര്‍ത്ത അയച്ചത് : സജീഷ് ടോം