വാഷിങ്ടണ്‍ ഡിസി: കോവിഡ്19 മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന യു.എസ്.സെനറ്റര്‍മാര്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കത്ത് നല്‍കി.

മെയ് 5 ന് നല്‍കിയ കത്തില്‍ സെനറ്റ് ഇന്ത്യ കോക്കസ് ഉപാധ്യക്ഷന്‍ മാര്‍ക്ക് വാര്‍ണര്‍ (ഡെമോക്രാറ്റ് - വെര്‍ജീനിയ), ജോണ്‍ കോണല്‍ (റിപ്പബ്ലിക്കന്‍-ടെക്‌സാസ്), റോബ് പോര്‍ട്ട്മാന്‍ (റിപ്പബ്ലിക്കന്‍ ഒഹായെ) എന്നിവരാണ് ബൈഡന്‍ ഭരണകൂടത്തോട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

മഹാമാരി ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിന് ഇന്ത്യാ മഹാരാജ്യം പാടുപെടുകയാണ്. ആരോഗ്യസുരക്ഷാസംവിധാനം ആകെ താറുമാറായിരിക്കുന്നു. 3 ലക്ഷത്തിനുമുകളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനം പ്രതി പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ്.ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മറ്റു ഗവണ്‍മെന്റ് ഏജന്‍സികളുമായും, അന്തര്‍ ദേശീയ തലത്തിലുള്ള സുഹൃദ് രാജ്യങ്ങളുമായും ചേര്‍ന്ന് ലൈഫ് സേവിംഗ് മെഷീനുകള്‍, വാക്‌സിന്‍, മറ്റു ഉപകരണങ്ങള്‍ ഏറ്റവും വേഗം എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 5 ന് റിക്കാര്‍ഡ് നമ്പര്‍ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം പതിനായിരും പേര്‍ കോവിഡ് മൂലം മരണമടയുന്നു.

ഇന്ത്യയിലെ റോഡുകളില്‍ ജനം മരിച്ചുവീഴാതിരിക്കണമെങ്കില്‍ വാക്‌സിനും ഓക്‌സിജനും പൊതുസ്ഥലങ്ങളില്‍ വിതരണം ചെയ്യേണ്ട അവസ്ഥയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍