വാഷിങ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ്.ഗവണ്‍മെന്റ് നിര്‍ദേശിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങിവരണമെന്നുമുള്ള നിര്‍ദേശമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡിന് ചികിത്സിക്കാന്‍ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതെന്നും താല്പര്യമുള്ള എല്ലാവര്‍ക്കും യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍നിന്നു നേരിട്ട് ദിവസവും പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് വഴി വിമാനസര്‍വീസ് ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കോവിഡ്19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്. ആശുപത്രികളില്‍ അത്യാവശ്യത്തിനുപോലും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവ  ലഭ്യമല്ല. കോവിഡ് രോഗികള്‍ക്കും അല്ലാത്ത രോഗികള്‍ക്കും ആശുപത്രിയില്‍ കിടക്കസൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ലെവല്‍ 4 ട്രാവല്‍ ഹെല്‍ത്ത് നോട്ടീസാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഇന്ത്യയെ സംബന്ധിച്ച് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 29 വരെ ഇന്ത്യയില്‍ 3,50,000 പേര്‍ കോവിഡ് രോഗികളാണെന്നും 3,000 പേര്‍ മരിച്ചിട്ടുണ്ടെന്നും സിഡിസി പറയുന്നു. ഇത് ഒരു മാസത്തെ സംഖ്യ മാത്രമാണ്. ഓസ്‌ട്രേലിയ, യു.കെ.ഉള്‍പ്പെടെ പല രാജ്യങ്ങളും ഇതിനകം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍