ഒന്റാരിയോ (കാനഡ): ദക്ഷിണാഫ്രിക്കയില്‍ ഇതിനകം തന്നെ കണ്ടെത്തിയ കോവിഡ്19 വകഭേദം ഒമിക്രോണ്‍ കാനഡയില്‍ രണ്ടുപേർക്ക് സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ രണ്ടുപേർക്കാണ് ഒന്റാരിയോയില്‍ വൈറസ് സ്ഥിരീകരിച്ചത്. രണ്ടുപേരിലും കോവിഡ്19 ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിക്കപ്പെട്ടതായി ഒന്റാരിയോ ആരോഗ്യവകുപ്പധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ഒമിക്രോണ്‍ വൈറസിന്റെ വ്യാപനത്തെക്കുറുച്ച് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും കാനഡ, യുഎസ് എന്നിവിടങ്ങളില്‍ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും യാത്രാവിലക്ക് ഉള്‍പ്പെടെ വിവിധ പ്രതിരോധ മാര്‍ഗങ്ങള്‍ പരിഗണിച്ചുവരികയാണെന്നും കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു. 

സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി വരുന്നവര്‍ക്ക് കാനഡയില്‍ പ്രവേശനം നല്‍കുന്നതിനുമുമ്പ് കര്‍ശന പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, യുഎസ്സിലും ഒമിക്രോണ്‍ വകഭേദം ഇതിനകം തന്നെ എത്തിച്ചേര്‍ന്നിരിക്കാമെന്ന് ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആന്റണി ഫൗച്ചി പറഞ്ഞു. പുതിയ വേരിയന്റിനെക്കുറിച്ച് പഠിക്കുന്നതിന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഫൗച്ചി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയും ഫോട്ടോയും: പി.പി.ചെറിയാന്‍