വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെയും മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളുടെയും സുനാമിയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് മുന്‍ പ്രസിഡന്റ് ട്രംപ്.

ബൈഡന്‍ ഭരണകൂടം കൂടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നുവെന്നും മാര്‍ച്ച് 5  ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

നമ്മുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയില്ലാത്തവരുടെ എണ്ണം മണിക്കൂറുകളല്ല മിനിട്ടുകള്‍ക്കുള്ളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതിര്‍ത്തിപ്രദേശങ്ങളിലെ സമീപ സിറ്റികളില്‍ ബൈഡന്‍ ഭരണകൂടം സ്വതന്ത്രരാക്കി വിട്ടയക്കുന്ന കുടിയേറ്റക്കാരില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിട്ടുണ്ട്. അവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ കഴിയാതെ ലോക്കല്‍ ഭരണകൂടം വിഷമസന്ധിയെ നേരിടുകയാണ്. ഈയിടെ ടെക്‌സാസ്- മെക്‌സിക്കോ അതിര്‍ത്തി സിറ്റിയില്‍ വിട്ടയച്ച കുടിയേറ്റക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ അവസ്ഥ ട്രംപ് ചൂണ്ടിക്കാട്ടി.

ട്രംപിന്റെ ഉപദേശമോ, കൗണ്‍സിലിംഗോ ഈ വിഷയത്തില്‍ വേണ്ട എന്നാണ് ബൈഡന്റെ പ്രസ് സെക്രട്ടറി ജന്‍സാക്കി പ്രതികരിച്ചത്. മാനുഷിക പരിഗണന നല്‍കി എല്ലാവരെയും സംരക്ഷിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍