പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ ഇലക്ഷന്‍ ക്യാമ്പയിന്‍ യു.എസ്.ഡിസ്ട്രിക്റ്റ് ജഡ്ജ് മാത്യു ബ്രാണില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നവംബര്‍ 18 ന് ഫയല്‍ ചെയ്ത കേസ് വാദം കേള്‍ക്കുന്നതിന് നവംബര്‍ 24 ലേക്ക് മാറ്റിവെച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന നിയമസഭക്ക് ഇലക്ട്രറല്‍ കോളേജ് സിസ്റ്റത്തില്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രറര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതോടൊപ്പം 2020 ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും പെന്‍സില്‍വാനിയ ജനറല്‍ അസംബ്ലിക്ക് പെന്‍സില്‍വാനിയയിലെ 20 ഇലക്ട്രേഴ്‌സിനെ തീരുമാനിക്കുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പെന്‍സില്‍വാനിയയില്‍ നിന്നും 82000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ട്രംപിനെ പരാജയപ്പെടുത്തി സംസ്ഥാനത്തെ 20 ഇലക്ട്രറല്‍ വോട്ടുകളും ബൈഡന്‍ നേടിയിരുന്നു. ബൈഡന് 306 ഉം ട്രംപിന് 232 ഇലക്ട്രറല്‍ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. പെന്‍സില്‍വാനിയ തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്തു ട്രംപിന്റെ പേഴ്‌സണല്‍ ലീഗല്‍ ടീം റൂഡി ഗുലാനിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഞായറാഴ്ചയാണ് തള്ളിയത്. ഹര്‍ജി പുനഃപരിശോധിക്കണമെന്നും വോട്ടെണ്ണല്‍ സമയത്ത് റിപ്പബ്ലിക്കന്‍ നിരീക്ഷകര്‍ക്ക് പ്രവേശനം നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍