ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുന്നാളും ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ.ആന്റണി പുല്ലുകാട്ട് അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകീട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുന്നാള്‍ ഒക്ടോബര്‍ 31 ന് ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും.

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സാമൂഹിക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയുമാണ് തിരുന്നാളാഘോഷങ്ങള്‍ നടത്തപ്പെടുന്നത്.

2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ.എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍ സെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ.തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില്‍ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകര്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്‍ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

വിശുദ്ധന്റെ പ്രധാന തിരുനാളായ ഒക്ടോബര്‍ 31 ന് ഞായറാഴ്ച രാവിലെ 9.30 ന് ആഘോഷമായ ദിവ്യബലി ഇടവക വികാരി ഫാ.ആന്റണി പുല്ലുകാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഫാ.ഫിലിപ്പ് വടക്കേക്കര, ഫാ.പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മ്മികരായിയിരിക്കും. ദിവ്യബലിക്കു ശേഷം ലദീഞ്ഞും, തിരുശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും, നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും.

ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്റെ തിരുനാള്‍ ചടങ്ങുകള്‍ ഓരോ ദിവസവും നേര്‍ച്ച സദ്യയോടെ സമാപിക്കും. 

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്‍ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജസ്റ്റിന്‍ ജോസഫ് - (732)7626744 
സെബാസ്റ്റ്യന്‍ ആന്റണി - 732-690-3934) 
മനോജ് പാട്ടത്തില്‍ - (908)4002492 
ടോണി മാങ്ങന്‍ - (347) 7218076 
ബിന്‍സി ഫ്രാന്‍സിസ് - 908-531-4034
ജോജോ ചിറയില്‍ - 212 810-1093
ജെയിംസ് പുതുമന - 732-216-4783.

വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി