ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനാ ദൈവാലയത്തില്‍, ഒക്ടോബര്‍ 10,  ഞായറാഴ്ച രാവിലെ 9:45 ന്, ഫൊറോനാ വികാരി ഫാ.ഏബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വി.വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഫാ.ഏബ്രഹാം മുത്തോലത്ത്, അള്‍ത്താര ശുശ്രുഷകള്‍, വിന്‍സിഷ്യന്‍ അംഗങ്ങള്‍ എന്നിവര്‍ പ്രദക്ഷിണത്തോടെ ദൈവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരുസ്വരൂപത്തില്‍ ധൂപാര്‍പ്പണം ചെയ്ത് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസ്സാനാമിന്റേയും, സെന്റ് വിന്‍സെന്റ് ഡി പോളിന്റേയും കാരുണ്യ പ്രവര്‍ത്തികള്‍ അനുസ്മരിച്ചു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകിച്ച് ഈ ദൈവാലയ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, ബിനോയ് കിഴക്കനടിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുയും ചെയ്തു. ഫാ.എബ്രഹാം മുത്തോലത്ത് തിരുനാളിന്റെ എല്ലാ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു.

ജോയി കുടശ്ശേരിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ച് തിരുനാള്‍ ഭക്തി സാന്ദ്രമാക്കി. കുര്യന്‍ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവരാണ് അള്‍ത്താര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കിയത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ എബ്രാഹം അരീച്ചിറയില്‍, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

വാര്‍ത്തയും ഫോട്ടോയും : ബിനോയ് സ്റ്റീഫന്‍ കിഴക്കനടി