ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 10, 11, 12 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാള്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ആഘോഷിച്ചു. ഇടവക വികാരി ഫാ.ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തദവസരത്തില്‍ ക്‌നാനായ ഫെറോന വികാരി ഫാ.ജോസ് തറക്കല്‍, ഫാ:ജോസ് ആദോപ്പിള്ളി, ഹാര്‍വെര്‍സ്‌ട്രോ മേയര്‍ മൈക്കിള്‍ കൊഹ്ട്, തിരുന്നാള്‍ പ്രസൂദേന്തിമാര്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയോടെ പ്രധാന തിരുന്നാളിന് തുടക്കം കുറിച്ചു. രണ്ടാം ദിവസം ലദീഞ്ഞോടെ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ ഫാ.ലിജു തുണ്ടിയില്‍ മലങ്കര റീത്ത്കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് വൈകീട്ട് പള്ളിയങ്കണത്തില്‍ അമേരിക്കയിലെ മികച്ച മലയാളി ഗായകര്‍ അണിനിരന്ന ഗാര്‍ഡന്‍ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേള തിരുന്നാളിനെ കൂടുതല്‍ ആഘോഷമാക്കി. തിരുന്നാളിന്റെ പ്രധാന ദിവസം ലദീഞ്ഞോടെ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ റോക് ലാന്‍ഡ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ സ്ഥാപക വികാരി ഫാ:ജോസ് ആദോപ്പിള്ളി തിരുന്നാള്‍ റാസ ഭക്തിസാന്ദ്രമാക്കി. ഫാ.ബിന്‍സ് ചേത്തലില്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ഇടവകയുടെ സ്വന്തം സെന്റ് മേരീസ് ബീറ്റ്സ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള പ്രദക്ഷിണം വര്‍ണാഭമായിരുന്നു. പ്രദക്ഷിണം പള്ളിയില്‍ പ്രവേശിച്ചതോടെ പരി.കുര്‍ബാനയുടെ ആശീര്‍വാദവും അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റു നടത്തുന്ന ഇടവകയിലെ പത്തു വനിതകളുടെ പ്രസുദേന്തി വാഴ്ചയും നടന്നു. പ്രാര്‍ഥന ശുശ്രുഷകള്‍ക്ക് ശേഷം സ്നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസ് കാടാപുറം