ഫിലാഡല്‍ഫിയ: ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ 2012 മുതല്‍ തുടര്‍ച്ചയായി ആഘോഷിച്ചിരുന്ന വേളാങ്കണ്ണിമാതാ തിരുനാളിന്റെ പത്താം വാര്‍ഷികം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, രോഗസൗഖ്യ പ്രാര്‍ത്ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍. 

ന്യൂയോര്‍ക്ക് ബെത്‌പേജ് സെ. മേരീസ് സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മ്മികനായും, ആതിഥേയ ഇടവക ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. സനില്‍ മയില്‍കുന്നേല്‍ എസ്. ജെ; റവ. ഫാ. ഡിജോ തോമസ് കോയിക്കര എം. എസ്. എഫ്. എസ്; റവ. ഫാ. ജോര്‍ജ് പാറക്കല്‍, റവ. ഫാ. അനീഷ് മാത്യു സി. എം; സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ടിം ലയോണ്‍സ് സി. എം. എന്നിവര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയിലും, തുടര്‍ന്നു നടന്ന ശുശ്രൂഷകളിലും 200 ല്‍ പരം മരിയഭക്തര്‍ പങ്കെടുത്തു. കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുനടത്തിയ തിരുക്കര്‍മ്മങ്ങളില്‍ നേരിട്ടെത്തി പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ലൈവ് സ്ട്രീമില്‍ പങ്കുചേര്‍ന്നു.

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം 2012 ല്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളായ  സെപ്റ്റംബര്‍ എട്ടിനാണു ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ അന്നത്തെ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി വികാരിയായിരുന്ന റവ.ഫാ.ജോണ്‍ മേലേപ്പുറം, തിരുസ്വരൂപപ്രതിഷ്ഠാ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.  

എല്ലാ തിങ്കളാഴ്ച്ചകളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്. ഭാരതീയക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, ജാതിമതഭേദമെന്യേയുള്ള  മരിയഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവായിരുന്നു ഈ വര്‍ഷത്തെ ദശവത്സരാഘോഷങ്ങള്‍.

സീറോമലബാര്‍ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സെ. മേരീസ് വാര്‍ഡുകൂട്ടായ്മയും, മരിയന്‍ മദേഴ്‌സും, മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രവും തിരുനാള്‍ ക്രമീകരണങ്ങള്‍ ചെയ്തു. 

വാര്‍ത്തയും ഫോട്ടോയും : ജോസ് മാളേയ്ക്കല്‍