ലോസ്ആഞ്ജലിസ്: സഹനപാതയിലൂടെ സഞ്ചരിച്ചു ആദ്യ ഭാരത വിശുദ്ധപദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ലോസ്ആഞ്ജലസില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുന്നാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി ഫാ.ഡോ.സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ ജൂലായ് 23 ന് വൈകീട്ട് 7:15 ന് നിര്‍വഹിച്ചു

വിശുദ്ധയുടെ നവനാള്‍ നൊവേനക്കും ദിവ്യബലിക്കും മലയാളി വൈദീകരായ  ഫാ.ജോസ്പഴെവീട്ടില്‍, ഫാ.ജിജോ വാഴപ്പിള്ളി, ഫാ.ബെന്നി ആയത്തുപാടം, ഫാ.സിജു മുടക്കോടില്‍, ഫാ.സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, ഫാ.ഷിന്റോ പനച്ചിക്കാട്ട്, ഫാ.മാത്യൂസ് മുഞ്ഞനാട്ട്, ഫാ.ഡെന്നി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. സിസിഡി വിദ്യാര്‍ത്ഥികളുടെ ദിനമായി ആചരിക്കുന്ന ജൂലായ് 25 ന് ആദ്യ ഇടവകവികാരി റവ.ഫാ.പോള്‍കോട്ടക്കല്‍ സന്ദേശം നല്‍കി. മുന്‍വികാരിമാരായ കുര്യാക്കോസ് കുമ്പക്കീല്‍ അച്ചനും കുര്യാക്കോസ് വാടാന അച്ചനും തങ്ങളുടെ അഭാവത്തില്‍ തിരുനാള്‍ വിജയത്തിനായി പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

ദിവ്യബലിക്കുശേഷം വികാരിയച്ചന്‍ വി.അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേനക്ക് നേതൃത്വം നല്‍കികൊണ്ട് വിശ്വാസികള്‍ ഏവരുടെയും നിയോഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. വി.അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഈ ദേവാലയം കാലിഫോര്‍ണിയയിലെ ഭരണങ്ങാനമായി കണ്ടുകൊണ്ടുതിരുനാള്‍ ആഘോഷങ്ങളിലും നൊവേനയിലും പങ്കെടുക്കാന്‍ ഈ കോവിഡ് കാലയളവില്‍ അതീവജാഗ്രതയോടെ ഇടവകസമൂഹം കടന്നുവരുന്നു.  

വിദൂരത്തുള്ള കുടുംബാംഗങ്ങള്‍ ഓരോഭവനവും ഒരു കൊച്ചുദൈവാലയമാക്കി, ദിവ്യബലിയില്‍ പങ്കുചേര്‍ന്നു അല്‍ഫോന്‍സാമ്മ വഴിയായി പ്രാര്‍ത്ഥനാനിയോഗങ്ങള്‍ സമര്‍പ്പിക്കുവാന്‍ ലൈവ്സ്ട്രീം (www.youtube.coms/yromalabarla | www.facebook.coms/yromalabarla) സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.

തിരുന്നാളിന്റെ പ്രധാനദിനങ്ങളായ ജൂലായ് 31 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്കും, ഓഗസ്റ്റ് ഒന്ന് ഞായറാഴ്ച രാവിലെ 10:15 നും ആയിരിക്കും തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. ഓഗസ്റ്റ് രണ്ടാം തീയതി തിങ്കളാഴ്ച വൈകീട്ട് 7:30 നു മരിച്ചവരുടെ ഓര്‍മ ആചരിച്ചശേഷം കൊടിയിറക്കി തിരുനാള്‍ആചരണം പൂര്‍ത്തിയാക്കും.

തിരുന്നാള്‍ ദിനങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ.ഡോ.സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ട്രസ്റ്റിമാരായ ജോഷി ജോണ്‍വെട്ടം, റോബര്‍ട്ട് ചെല്ലക്കുടം, കണ്‍വീനര്‍ മോളി & കുരിയന്‍ പാലിയേക്കര എന്നിവര്‍ ഏവരെയും ക്ഷണിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം