ഓസ്റ്റിന്‍: ടെക്‌സാസ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 മില്യണ്‍ കവിഞ്ഞതായി സെപ്്റ്റംബര്‍ 25 ന് വൈകീട്ട് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ശനിയാഴ്ചമാത്രം 12440 കോവിഡ് പോസിറ്റീവ് കേസുകളും 317 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി  സ്റ്റേറ്റ് ഡാറ്റായില്‍ കാണുന്നു. സംസ്ഥാനത്തെ മരണസംഖ്യ ശനിയാഴ്ചയോടെ 62786 ആയി ഉയര്‍ന്നിട്ടുണ്ട്.

10349 പേര്‍ ടെക്‌സാസിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നതില്‍ 2909 പേര്‍ നോര്‍ത്ത് ടെക്‌സാസില്‍ നിന്നുള്ളവരാണ്. നോര്‍ത്ത് ടെക്‌സാസില്‍ ഡാലസ് - ഫോര്‍ട്ട് വര്‍ത്ത് ഉല്‍പ്പെടെ 19 കൗണ്ടികളില്‍ മാത്രം 17.4 ശതമാനം പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

15 ശതമാനത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ സ്ഥിതി ആശങ്കാജനകമാകുമെന്ന് നേരെത്തെ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ശനിയാഴ്ചവരെ 17153984 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞുവെന്നും 12 വയസിനു മുകളിലുള്ള സംസ്ഥാന ജനസംഖ്യയുടെ 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും സംസ്ഥാനആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

അറുപത്തിയഞ്ചു വയസിന് മുകളിലുള്ളവര്‍ക്കും 18 വയസിന് മുകളില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും രണ്ടാമത്ത ഡോസിനുശേഷം ആറുമാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ നല്‍കുകയെന്നും ഇവര്‍ അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍