ഓസ്റ്റിന്‍: ടെക്‌സാസിലെ ബിസിനസ് സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ പാസ്‌പോര്‍ട്ടോ ചോദിക്കുന്നതില്‍ കര്‍ശനവിലക്കേര്‍പ്പെടുത്തുന്ന ഉത്തരവ് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ജൂണ്‍ 7 ന് ഒപ്പുവെച്ചു.

ടെക്‌സാസ് നൂറുശതമാനവും പ്രവര്‍ത്തനസജ്ജമായിരിക്കുന്നു. സംസ്ഥാനത്ത് ഇന്നു മുതല്‍ കോവിഡ് സംബന്ധിച്ച് യാതൊരു നിയന്ത്രണങ്ങളോ പരിമിതികളോ പരിധികളോ ഉണ്ടായിരിക്കുന്നതല്ലെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് യാതൊരു ചോദ്യവും ഉണ്ടായിരിക്കുന്നതല്ലെന്നും, കോവിഡിന് മുമ്പ് എങ്ങനെയായിരുന്നുവോ ആളുകള്‍ പ്രവേശിച്ചുകൊണ്ടിരുന്നത് ആ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.

ടെക്‌സാസില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നതും കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് ഇതിനകം നല്‍കി കഴിഞ്ഞുവെന്നതും സിഡിസി നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയതുമാണ് പുതിയ ഉത്തരവിന് ഗവര്‍ണറെ പ്രേരിപ്പിച്ചത്.

മെമ്മോറിയല്‍ ഡെ കഴിഞ്ഞാല്‍ രോഗവ്യാപനം വര്‍ധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനകം തന്നെ മാസ്‌ക് ധരിക്കാതെ ആളുകള്‍ യഥേഷ്ടം പുറത്ത് സഞ്ചരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ടെക്‌സാസിലെ പല ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രത്യേകിച്ച് മലയാളികള്‍ കൂടി വരുന്നിടങ്ങളിലും ദേവാലയങ്ങളിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍