ഓസ്റ്റിന്‍: ബിസിനസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ജൂലായ് 29 ന് ഒപ്പിട്ട ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മുന്നറിയിപ്പു നല്‍കി.

സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കോവിഡ്19 വ്യാപനം തടയുന്നതിന് ടെക്‌സാസ് ജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍ അത് സ്വയം പ്രാവര്‍ത്തികമാക്കുന്നുണ്ട്.

ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച് നേരത്തെ നല്‍കിയിരുന്ന ഉത്തരവില്‍ മാറ്റമൊന്നുമില്ലെന്നും പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അതിനെ കൂടുതല്‍ പ്രബലപ്പെടുത്തുന്നതാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. മാസ്‌ക് ധരിക്കുന്നതിനെതിരെയുള്ള തന്റെ എതിര്‍പ്പ് ഗവര്‍ണര്‍ തുറന്നു പറഞ്ഞു.

ടെക്‌സാസില്‍ കഴിഞ്ഞമാസം കുറഞ്ഞുവന്നിരുന്ന രോഗവ്യാപനം ഈയാഴ്ചകളില്‍ അല്പാല്പം വര്‍ധിച്ചുവരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍