Texas GOP Official Mocked COVID Five Days Before He Died of Virusഗാല്‍വസ്റ്റണ്‍: ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌കോട്ട് അപ്‌ലെ (45) കോവിഡിനെ തുടര്‍ന്ന് അന്തരിച്ചു.

ഓഗസ്റ്റ് 2 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് അഞ്ചുദിവസം മുമ്പാണ് മാസ്‌ക് ധരിക്കുന്നതിനെതിരെയും വാക്‌സിനേറ്റ് ചെയ്യുന്നതിനെതിരെയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തിയായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ വ്യക്തികൂടിയായിരുന്നു സ്‌കോട്ട്.

ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് ഗാല്‍വസ്റ്റണ്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യ മെലീസക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിറ്റി കൗണ്‍സില്‍ അംഗത്തിന്‍െ അകാലവിയോഗത്തില്‍ ഡിക്കിന്‍സന്‍ മേയര്‍ സീന്‍ സ്‌കിപവത്ത് അനുശോചിച്ചു. സ്‌കോട്ടിന്റെ പേരില്‍ ഗോ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായം കുടുംബത്തിന് വളരെ ആശ്വാസകരമാകുമെന്ന് മേയര്‍ പറഞ്ഞു. 30,000 ഡോളറാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന സ്‌കോട്ട് അടുത്ത ആറു മാസത്തിനകം പാന്‍ഡമിക്് പൂര്‍ണമായും മാറിപോകുമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍