അരിസോണ: ഗുരുദേവ കൃതികളുടെ പഠനവും മനനവും തന്നെയാണ് കാലുഷ്യം മാര്‍ന്ന മനസ്സുകള്‍ക്ക് സിദ്ധൗഷധം, പാശ്ചാത്യ ചിന്തകളെയും പൗരസ്ത്യ ചിന്തകളെയും സമന്വയിപ്പിക്കുന്ന ഒരു വിശ്വദര്‍ശനം ആണ് ഗുരു നല്‍കിയത്.

വര്‍ത്തമാനകാലം ഭൗതികതയ്ക്ക് ഊന്നല്‍ നല്‍കി പോകുമ്പോള്‍ പുതിയ തലമുറയ്ക്ക് ത്യാഗം എന്തെന്ന് അറിയാത് ആയിരിക്കുന്നു, അത് മാനസിക പിരിമുറുക്കത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു തന്മൂലം ജീവിതം തന്നെ താറുമാറാകുന്ന കാഴ്ച നടന്നുകൊണ്ടിരിക്കുന്നു.
ഗുരുവിന്റെ ആത്മോപദേശശതകം തുടങ്ങിയ കൃതികള്‍ പഠന വിഷയം ആക്കേണ്ടി യിരിക്കുന്നു

ലോകമെമ്പാടുമുള്ള മനുഷ്യ മനസ്സുകള്‍ക്ക് ദേശകാല വര്‍ണ വ്യത്യാസമില്ലാതെ സ്വാന്തനമേകാന്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഗുരുദേവ കൃതികള്‍ പര്യാപ്തം ആയതിനാല്‍ ഗുരുദര്‍ശന പഠനവും ചിന്തയും അമേരിക്കന്‍ ഐക്യനാടുകളില്‍ ഉണ്ടാകുന്നതിന് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയോടൊപ്പം മതത്തിന്റെ തായ ഒരു ആധ്യാത്മിക പഠന കേന്ദ്രം കൂടി ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്ന് ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

ഗുരുദേവ മഹാസമാധി മന്ദിരം പ്രതിമപ്രതിഷ്ഠ കനക ജൂബിലി ആഘോഷം ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി അരിസോണയിലെ ഗുരുധര്‍മ്മ പ്രചാരണസഭ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലും സ്വാമി ഗുരുപ്രസാദ് പങ്കെടുത്തു.

ചടങ്ങില്‍ അരിസോണ ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ സ്വാഗതം പറഞ്ഞു പ്രസിഡന്റ് ഷാനവാസ് കാട്ടൂര്‍ അധ്യക്ഷത വഹിച്ചു, ഡോ.വിനയ് പ്രഭാകര്‍, ഡോ.ദീപ ബിജു, ദേവദാസ് കൃഷ്ണന്‍കുട്ടി, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു, ട്രഷറര്‍ ജോലാല്‍ കരുണാകരന്‍ നന്ദി പറഞ്ഞു.

ഇതോടൊപ്പം ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ അസോസിയേഷന്‍ നടത്തുന്ന 2018 ന്യൂയോര്‍ക്ക് കണ്‍വെന്‍ഷനിലേക്ക് ഉള്ള അരിസോണ റീജണല്‍ കിക്കോഫ് സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം