ഓസ്റ്റിന്‍: ഭവനരഹിതരായവര്‍ റോഡരുകിലും പാലങ്ങള്‍ക്കടിയിലും ക്യാമ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ടെക്സസ് സംസ്ഥാനത്ത് സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വന്നു. നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മിസ് ഡീമിനര്‍ വകുപ്പ് ചുമത്തി 500 ഡോളര്‍ വരെ പിഴയൊടുപ്പിക്കുന്നതിനും നിയമം അനുശാസിക്കുന്നു.
   
മെയ് മാസം മുതല്‍ ഭവനരഹിതര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നുവെന്നും നാല് മാസത്തിനുള്ളില്‍ മറ്റ് ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ നിയമം ചോദ്യം ചെയ്ത് ഭവനരഹിതര്‍ തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തടസ്സമുണ്ടെന്നും ഈ വിഷയം എങ്ങനെ പരിഹരിക്കാമെന്നും പരിശോധിച്ചു വരികയാണെന്നും 'സേവ് ഓസ്റ്റിന്‍ നൗ' സംഘടനയുടെ കോ ഫൗണ്ടര്‍ മാറ്റ് മക്കോവയ്ക്ക് പറഞ്ഞു. എന്നാല്‍ നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്ന്  സിറ്റി അധികൃതര്‍ വെളിപ്പെടുത്തി.
   
യു.എസ്. ഹൈവേ 183 യുടെ അണ്ടര്‍പാസിലും പാലങ്ങള്‍ക്ക് കീഴിലും കഴിയുന്നവര്‍ക്ക് പെട്ടെന്ന് താമസ സൗകര്യം നല്‍കുന്നതിനുള്ള അടിയന്തിര നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ചെറിയാന്‍