വിര്‍ജീനിയ: ക്രിസ്തു ശിഷ്യന്മാരെ ഏല്‍പിച്ച പ്രേഷിത ദൗത്യം നിര്‍വഹിക്കാന്‍ മാമ്മോദീസ സ്വീകരിച്ച എല്ലാ ക്രൈസ്തവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഷിക്കാഗോ സീറോമലബാര്‍ രൂപത സഹായമെത്രാന്‍ ജോയി ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു. വിര്‍ജീനിയ സെന്റ് ജൂഡ് സീറോമലബാര്‍ ചര്‍ച്ചിലെ മിഷന്‍ സണ്‍ഡേ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദൈവജനത്തെ നയിക്കുവാനും വിശുദ്ധീകരിക്കുവാനും പഠിപ്പിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഉള്ളത്. എന്നാല്‍ അതിനേക്കാള്‍ ഭാരിച്ച ഉത്തരവാദിത്തമാണ് വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ തൊഴിലുകള്‍ക്കും നിശ്ചിത പഠന യോഗ്യതകളും പരിശീലനങ്ങളും ആവശ്യമായിരിക്കെ, വിവാഹിതരാകുന്നവര്‍ക്ക് യാതൊരു പരിശീലനവും ലഭിക്കാത്തത് ആശ്ചര്യകരമാണ്. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയും സാമൂഹ്യ ആചാരമെന്നനിലയിലും വികലമായ കാഴ്ചപ്പാടോടെ വിവാഹത്തെ കാണുന്നതാണ് വിവാഹജീവിതത്തില്‍ പ്രവേശിക്കാന്‍ പലരും മടിക്കുന്നതെന്നും പല വിവാഹങ്ങളും പരാജയപ്പെടുന്നതെന്നും അദ്ദേഹം വിലയിരുത്തി.

പൗരോഹിത്യ അഭിഷേകത്തിന്റെ നാല്പതാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന മാര്‍ ജോയി ആലപ്പാട്ടിന് സെന്റ് ജൂഡ് ഇടവകയുടെ റൂബി ജൂബിലി ഉപഹാരം ഇടവക വികാരി ഫാ:നിക്കോളാസ് തലക്കോട്ടൂരും അള്‍ത്താരശുശ്രൂഷകരും ചേര്‍ന്ന് സമ്മാനിച്ചു.

ഷാജു ജോസഫ് രചിച്ച് ജെറീഷ് ജോസ് നിര്‍മ്മിച്ച, കെസ്റ്റര്‍ ഗാനാലാപനം നടത്തിയ സംഗീത ആല്‍ബം മാര്‍ ജോയി ആലപ്പാട്ട് റിലീസ് ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം