ഫ്‌ളോറന്‍സ്: ഒക്ടോബര്‍ മൂന്നിന് നാലു മണിക്ക് സൗത്ത് കരോലിനയില്‍ ഫ്‌ളോറന്‍സ് വിന്റേജ് പ്ലേയ്‌സ് സബ് ഡിവിഷനില്‍ അക്രമിയുടെ വെടിയേറ്റ ഏഴു പേരില്‍ ഒരു പോലീസ് ഓഫീസര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഡെപ്യൂട്ടി ചീഫ് ഗ്ലെന്‍ കാര്‍സി സ്ഥിരീകരിച്ചു.  മുപ്പത് വര്‍ഷം സര്‍വീസുള്ള ടെറന്‍സ് കരാവെ (52)എന്ന പോലീസ് ഓഫീസറാണ് മരിച്ചത്.
 
വീടിനകത്തു വെടിയൊച്ചകേള്‍ക്കുന്നു എന്ന് സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസിനുനേരെ യാതൊരു പ്രകോപനമില്ലാതെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ബന്ദികളാക്കി രണ്ടു മണിക്കൂര്‍ പോലീസുമായി വിലപേശല്‍ നടത്തിയതിനുശേഷമാണ് കീഴടങ്ങിയത്. കുട്ടികള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ മറ്റു ഓഫീസര്‍മാരുടെ നിലയെക്കുറിച്ച് പോലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍