ഓസ്റ്റിന്‍: ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ അമേരിക്കന്‍ മലയാളി ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ് പ്രഥമ ടൂര്‍ണമെന്റില്‍ ഡാലസ് ഡയനാമോസ് ചാമ്പ്യരായി. ആവേശം വാനോളമുയര്‍ന്ന ഫൈനലില്‍ ടൂര്‍ണമെന്റ് ആതിഥേയരായ ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡയനാമോസിന്റെ വിജയം.

സാക്കറി ജോസഫ് (ഡാലസ് ഡയനാമോസ്) മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടോം വാഴേക്കാട്ട് (എഫ്സിസി കരോള്‍ട്ടന്‍) കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തു ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ മൈക്കിള്‍ ജോണ്‍ (ഡാലസ് ഡയനാമോസ്) മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ്‌സ് അവാര്‍ഡിന് അര്‍ഹനായി.

മത്സരവേദിയായ ഓസ്റ്റിന്‍ റൗണ്ട്‌റോക്ക് മള്‍ട്ടി പര്‍പ്പസ് ടര്‍ഫ് കോംപ്ലക്‌സില്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടന്നു. പരിപാടിയുടെ പ്രായോജകരായ സെബി പോള്‍, സ്‌കൈ ടവര്‍ റിയാലിറ്റി (പ്ലാറ്റിനം സ്‌പോണ്‍സര്‍), മാത്യു ചാക്കോ, മാത്യു സിപിഎ, രഞ്ജു രാജ്, മോര്‍ട്ടഗേജ് ലോണ്‍ ഒറിജിനേറ്റര്‍ (ഗോള്‍ഡ് സ്‌പോണ്‍സേഴ്സ്), ലിറ്റി വടക്കന്‍, പ്രൈം ഫാമിലി കെയര്‍ (ഹെല്‍ത്ത് പാര്‍ട്ണര്‍), ലിയോ, ഇന്‍കോര്‍പൊറോ ഫിറ്റ്‌നസ് (ഫിറ്റ്‌നസ് പാര്‍ട്ണര്‍), ചെന്ന റെഡി, സോള്‍ട്ട് ന്‍ പെപ്പര്‍ (റസ്റ്ററന്റ് പാര്‍ട്ണര്‍), ടെയ്ലര്‍ ഇന്‍സ്‌പെക്ഷന്‍ (പേട്രണ്‍) തുടങ്ങിയവര്‍ ചേര്‍ന്ന് ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് ചലഞ്ചേഴ്സ്, എഫ്‌സി കരോള്‍ട്ടന്‍, ഡാലസ് ഡയനാമോസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ജഗ്വാഴ്‌സ് - ഹൂസ്റ്റണ്‍ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ന്യൂയോര്‍ക്ക് മലയാളീ സോക്കര്‍ ക്ലബ്, ഒക്ലഹോമ യുണൈറ്റഡ് തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി ഒന്‍പതു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മുതിര്‍ന്നവര്‍ക്കുള്ള 35 പ്ലസ് ടൂര്‍ണമെന്റും ഇതോടൊപ്പം നടന്നു.

അജിത് വര്‍ഗീസ് (പ്രസിഡണ്ട്), മനോജ് പെരുമാലില്‍ (സെക്രട്ടറി), പ്രശാന്ത് വിജയന്‍ (വൈ.പ്രസിഡന്റ്) ബിജോയ് ജെയിംസ് (ട്രഷറര്‍) തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. ടൂര്‍ണമെന്റ് വന്‍വിജയമായി എന്ന് അജിത് വര്‍ഗീസ് പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍