ഷിക്കാഗോ: മാതൃരൂപതയിലേക്ക് തിരികെപ്പോകുന്ന മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ വികാരിയും ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിനു കത്തീഡ്രല്‍ ഇടവകയും രൂപതയും യാത്രയയപ്പ് നല്‍കി. 

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ രൂപതയെ പ്രതിനിധീകരിച്ച് ചാന്‍സലര്‍ ഫാ.ജോണിക്കുട്ടിയും, കത്തീഡ്രല്‍ അസി.വികാരി ഫാ.കെവിന്‍ മുണ്ടയ്ക്കലും സന്നിഹിതരായിരുന്നു. അഗസ്റ്റിനച്ചന്റെ വിലപ്പെട്ട സേവനങ്ങള്‍ക്ക് പിതാവും ചാന്‍സലര്‍ അച്ചനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. കത്തീഡ്രലില്‍ വിവിധ സംഘടനാ പ്രതിനിധികളും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, കൈക്കാരന്മാരും ഇടവകയെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൈക്കാരന്മാര്‍ ഇടവക സമൂഹത്തിന്റെ സ്‌നേഹോപഹാരം കൈമാറി. അച്ചനോടുള്ള സ്നേഹാദരവ് പ്രകടിപ്പിച്ചുകൊണ്ട്  അങ്ങാടിയത്ത് പിതാവ് അഗസ്റ്റിനച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. 

മതപഠന കുട്ടികളും യുവജനങ്ങളും അച്ചന് പ്രത്യേകം യാത്രയയപ്പ് നല്‍കി. യുവജനങ്ങളെ പ്രതിനിധീകരിച്ച് ജോ കണിക്കുന്നേലും, മതാധ്യാപകര്‍ക്കുവേണ്ടി സിസ്റ്റര്‍ ഷീനയും, കുട്ടികള്‍ക്കുവേണ്ടി സാവിയോയും ബിനോയിയും, മലയാളം സ്‌കൂളിനുവേണ്ടി റോസമ്മ തെനിയപ്ലാക്കലും സംസാരിച്ചു. ആതിര മണ്ണഞ്ചേരില്‍ എം.സിയായി പ്രവര്‍ത്തിച്ചു. കൈക്കാരന്‍ ജോസ് കോലഞ്ചേരിയുടെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളനം പര്യവസാനിച്ചു. തുടര്‍ന്നു നടന്ന സ്നേഹവിരുന്നില്‍ എല്ലാവരും പങ്കെടുത്തു.

ജോയിച്ചന്‍ പുതുക്കുളം