ഹൂസ്റ്റണ്‍: മിസൗറി സിറ്റിയുടെ 12-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട റോബിന്‍ ഇലക്കാട്ടിന് കോട്ടയം സ്വദേശികളുടെ സംഘടനയായ കോട്ടയം ക്ലബ് ഹൂസ്റ്റണില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചു. ജനുവരി പത്തിന് നടന്ന വെര്‍ച്വല്‍ സ്വീകരണ യോഗത്തില്‍ സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷനായിരുന്നു. 

ലക്ഷ്മി പീറ്ററിന്റെ ഭക്തിഗാനത്തോടെ ആരംഭിച്ച സ്വീകരണ യോഗത്തില്‍. ചെയര്‍മാന്‍ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ ആമുഖ പ്രസംഗം നടത്തി. കോട്ടയംകാരനായ മേയറെ അദ്ദേഹം അഭിനന്ദിച്ചു. ശേഷം മേയര്‍ റോബിന്‍ ഇലക്കാട്ട് മറുപടി പ്രസംഗം നടത്തി. 

മിസൗറിസിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായിനിന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത് പിന്തുണ നല്‍കിയതിന്റെ ഫലമാണ് തന്റെ ചരിത്രവിജയമെന്ന് റോബിന്‍ ഇലക്കാട്ട് പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് കെ.വര്‍ഗീസ്, മുന്‍ പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, ജയിംസ് കൂടല്‍, ജോബി ജോര്‍ജ് ഫിലാഡല്‍ഫിയ, ജോമോന്‍ ഇടയാടി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. 

ചടങ്ങില്‍ കലാപരിപാടികളും ഉണ്ടായിരുന്നു. സുകു ഫിലിപ്പിന്റെ ഗാനാലാപനവും ലക്ഷ്മി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ സംഘനൃത്തവും പ്രശംസനേടി. ഫിലാഡല്‍ഫിയയിലെ കോട്ടയം അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. 

കോട്ടയം ക്ലബ് ഭാരവാഹികളായ മാത്യൂ ചന്നാപ്പാറ, മോന്‍സി കുര്യാക്കോസ്, ചാക്കോ ജോസഫ്, കുര്യന്‍ ചന്നാപ്പാറ, ആന്‍ഡ്രൂസ് ജേക്കബ്, മധു ചേരിയ്ക്കല്‍, അജി കോര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ഷിബു മാണി നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍