ഡാലസ്: പ്ലാനൊ സെന്റ്  പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ.രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പായിക്കു ഓഗസ്റ്റ് ഒന്നിന് ഞായറാഴ്ച വി:കുര്‍ബ്ബാനക്കുശേഷം ചേര്‍ന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കി.

സമ്മേളനത്തില്‍ റവ.ഫാ.ബിനു മാത്യു അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി രാജു ഫിലിപ്പ് ബൊക്കെ നല്‍കി അച്ചനെ സ്വീകരിച്ചു. സെക്രട്ടറി തോമസ്സ് രാജന്‍, അച്ചന്റെ ഡാലസ്സിലെ പൂര്‍വകാല സേവനങ്ങളെ അനുസ്മരിച്ചു.രാജു എം ദാനിയേല്‍ അച്ചന്‍ കോര്‍ എപ്പിസ്‌കോപ്പാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യമായി പ്ലാനൊ സെന്റ്  പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ വികാരിയായി നിയമിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്നും സെക്രട്ടറി അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അജയ് ജോ, ക്രിസ്റ്റെന്‍ മാത്യു, അനു രാജന്‍, സൂസന്‍ ചുമ്മാര്‍, എന്നിവര്‍ കോര്‍ എപ്പിസ്‌കോപക്ക് അനുമോദനം അര്‍പ്പിച്ചു സംസാരിച്ചു.

അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവക നല്‍കിയ സ്വീകരണത്തിനും അനുമോദനങ്ങള്‍ക്കും നന്ദി പറഞ്ഞു ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം സമ്മേളനം സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍