ഡാലസ്: റിട്ടയേര്‍ഡ് ജഡ്ജി പി.ഡി. രാജന്‍ ചെയര്‍മാനായി കേരളാ ഗവണ്മെന്റ് രൂപം കൊടുത്തിട്ടുള്ള പ്രവാസി പ്രൊട്ടക്ഷന്‍ കമ്മീഷന്റെ സേവനം അവസരോചിതമായി ഉപയുക്തമാക്കണമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (ഓര്‍ഗ്) പി. സി. മാത്യു അഭ്യര്‍ത്ഥിച്ചു.
അടുത്ത കാലത്തു പ്രവാസി കോണ്‍ക്ലേവ് ചെയര്‍മാന്‍ അലക്‌സ് കോശി വിളനിലം, ആന്റണി പ്രിന്‍സ് മുതലായ പ്രവാസി നേതാക്കള്‍ റിട്ട.ജഡ്ജ് പി.ഡി.രാജനുമായി സംഘടിപ്പിച്ച സൂം ചര്‍ച്ചയില്‍ വിവിധ ചോദ്യങ്ങള്‍ക്കു സംഘടനകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുകയും പ്രവാസികള്‍ക്ക് ആവശ്യമുള്ള ചില ചോദ്യങ്ങള്‍ക്ക് പങ്കെടുത്തവരില്‍ നിന്നും ലഭിച്ചതില്‍ വളരെ അനുകൂലമായ ഉത്തരങ്ങള്‍ ലഭിച്ചു എന്നും പ്രവാസി കമ്മീഷന്‍ സേവനം വിദേശ മലയാളികള്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
പരാതികള്‍ കൊടുക്കുന്ന വിദേശികളുടെ അപേക്ഷകള്‍ ഇന്ത്യന്‍ എംബസിയോ ഇന്ത്യന്‍ ഹൈക്കമ്മീഷനോ അറസ്റ്റ് ചെയ്യണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സൂചിപ്പിച്ചപ്പോള്‍ അമേരിക്കയിലുള്ളവര്‍ അമേരിക്കന്‍ ലൈസന്‍സ് ഉള്ള നോട്ടറിയുടെ അറ്റസ്റ്റേഷന്‍ അംഗീകരിക്കണമെന്ന് പി.സി.മാത്യു ആവശ്യപ്പെടുകയും അത് അംഗീകരിക്കാമെന്ന് റിട്ട.ജഡ്ജ് പി.ഡി.രാജന്‍ മറുപടി നല്‍കുകയും ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനില്‍ നിന്നും പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയന്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ അനില്‍ അഗസ്റ്റിന്‍ മുതലായ നേതാക്കളും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജും പങ്കെടുത്തു. പ്രവാസി കമ്മീഷന്‍ ഇത്രയധികം ഉപകാരപ്രദമാണെന്നു അനിയന്‍ ജോര്‍ജ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഒപ്പം പ്രവാസി കമ്മീഷനെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍