ന്യൂയോര്‍ക്ക്: കോവിഡ്19 ഇന്ത്യയിലും, കേരളത്തിലും രൂക്ഷമാകുകയും നിരവധി പേര്‍ മരണപ്പെടുകയും ആയിരക്കണക്കിന് ജനങ്ങള്‍ നിത്യേന രോഗം ബാധിച്ചു ദുരിതം അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ നോര്‍ക്കയുടെയും കേരള ആരോഗ്യ വകുപ്പിന്റെയും പ്രവാസി സംഘടനകളോടുള്ള സഹായ അഭ്യര്‍ത്ഥന മാനിച്ചു പിഎംഎഫ് ഗ്ലോബല്‍ തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെഡിക്കല്‍ സഹായ പദ്ധതി ആവിഷ്‌കരിച്ചു. 

'സഹായഹസ്തം' എന്ന പേരില്‍ കേരള സര്‍ക്കാരിനുള്ള അത്യാവശ്യ മെഡിക്കല്‍ സഹായം എത്തിക്കാന്‍ വിവിധ രാജ്യങ്ങളിലുള്ള പിഎംഎഫ് റീജിയണല്‍, നാഷണല്‍, യൂണിറ്റ് കമ്മിറ്റികളോട് പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് എം പീ സലീം ഗോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

ഈ ഉദ്യമത്തില്‍ പങ്കു ചേരുവാനും നൂറ്റാണ്ടിലെ മഹാ വിപത്തായ കൊറോണ മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക് സൗകര്യപ്രദമായ വൈദ്യ സഹായം ഉറപ്പു വരുത്താന്‍ സര്‍ക്കാരുമായി കൈകോര്‍ക്കണമെന്നും അതാതു രാജ്യങ്ങളിലെ പിഎംഎഫ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ഈ ആവശ്യം കണക്കിലെടുത്തു ഗ്ലോബല്‍ കമ്മിറ്റിയുമായി സഹകരിച്ചു പ്രസ്തുത മിഷനില്‍ പങ്കാളികളായി ഈ ഉദ്യമം സഫലമാക്കണമെന്നും ഗ്ലോബല്‍ പ്രസിഡന്റ് എം പീ സലീം പി എം എഫിന്റെ എല്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ടു, ആദ്യ ഘട്ടമെന്ന നിലയില്‍ കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ മെഡിക്കല്‍ വസ്തുക്കള്‍ സര്‍ക്കാരിന് അയച്ചു കൊടുക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു, പി എം എഫ് ഡയറക്ടര്‍ ബോര്‍ഡ് ഈ സത്കര്‍മ്മതിനു എല്ലാവിധ പിന്തുണയും ആശംസയും അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍