പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ സംസ്ഥാനത്ത് മാന്‍വേട്ടയുടെ സീസണ്‍ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി.

എഴുപത്തിയൊന്ന് വയസുള്ള വില്യം ട്രിപ്പും കുടുംബാംഗങ്ങളും ജാക്‌സണ്‍ ടൗണ്‍ഷിപ്പ് വനാന്തരങ്ങളില്‍ മാനിനെ വേട്ടയാടാന്‍ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഏകദേശം മൂന്നു യാഡ് അകലെനിന്നും മാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തു. നവംബര്‍ 27 ന് രാവിലെയായിരുന്നു സംഭവം. വെടിയുണ്ട തലയില്‍ തുളച്ചുകയറിയാണെന്ന് മരണം സംഭവിച്ചതെന്ന് ജാക്‌സണ്‍ ടൗണ്‍ഷിപ്പ് കൊറോണര്‍ ഓഫീസ് സ്ഥിരീകരിച്ചു.

പെന്‍സില്‍വാനിയ ഗെയിം കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാനവ്യാപകമായി വേട്ടയോടനുബന്ധിച്ച് മരണങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ഈ കൗണ്ടിയില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും സ്‌റ്റേറ്റ് ഗെയിം വാര്‍ഡന്‍ ഷോന്‍ ഹര്‍ഷൊ പറഞ്ഞു.

ഇതൊരപകടമാണെന്നും വെടിവെച്ച കുട്ടിയുടെ പേരില്‍ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ജാക്‌സണ്‍ ടൗണ്‍ഷിപ്പ് ഷെറീഫ് ഓഫീസ് അറിയിച്ചു.

ഇതേദിവസം തന്നെയാണ് വേട്ടയ്ക്കിടയില്‍ ടെക്‌സാസിലെ ഹാരിസണ്‍ കൗണ്ടിയില്‍ പിതാവിന്റെ വെടിയേറ്റ് പതിനൊന്നുകാരിയും കൊല്ലപ്പെട്ടത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍