വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനയാത്രക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന നിയമം 2018 ജനുവരി 22 മുതല്‍ നിലവില്‍വരും.

2005 ല്‍ പാസ്സാക്കിയ റിയല്‍ ഐഡി ആക്ടനുസരിച്ച് ഡ്രൈവേഴ്‌സ് ലൈസന്‍സ് യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതല്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ പൗരന്‍മാരാണെങ്കില്‍പോലും യാത്രക്ക് പാസ്‌പോര്‍ട്ട് കരുതിയിരിക്കണം.

ടി.എസ്.എ.യുടെ വെബ് സൈറ്റിലാണ് പുതിയ നിബന്ധന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അലബാമ, വെര്‍മോണ്ട് തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പുതിയ നിയമത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

എന്നാല്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കാലിഫോര്‍ണിയ, ലൂസിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ നിയമം അംഗീകരിച്ച് നടപ്പാക്കുന്നതിന് കൂടുതല്‍ സമയപരിധി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണനയിലാണ്.

അമേരിക്കയിലെ ആഭ്യന്തര സര്‍വീസിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നത് എത്രമാത്രം പ്രയോജനകരമാണെന്നാണ് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്. വ്യാജപാസ്‌പോര്‍ട്ട് വ്യാപകമാകുന്നതിന് പുതിയ നിയമം വഴിയൊരുക്കുമോ എന്ന് ശങ്കിക്കുന്നവരും ഇല്ലാതില്ല.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍