ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ ആള്‍ സെയിന്റ്‌സ് ദിനാഘോഷം പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും അവതരിപ്പിച്ച വിശുദ്ധവേഷങ്ങളുടെ വൈവിധ്യംകൊണ്ടും മികവുറ്റതായിരുന്നു. 

സ്വര്‍ഗ്ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുന്നതിനും, അവരുടെ മധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനുംവേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാള്‍ സീറോമലബാര്‍ പള്ളിയില്‍ സമുചിതമായി ആഘോഷിച്ചു. വിശുദ്ധവേഷമിട്ട 'കുട്ടിപ്പട്ടാളം' വിശുദ്ധപാത തീര്‍ത്ത് സ്വര്‍ഗത്തിലെ പുണ്യാത്മാക്കള്‍ക്കു വരവേല്‍പ്പു നല്‍കി. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായും, റവ. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് സഹകാര്‍മ്മികനായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്തരെയും അനുസ്മരിച്ചു് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. 

കത്തോലിക്കാസഭയില്‍ ഏറ്റവും പുതിയ വിശുദ്ധരായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ശില്‍പ്പി പോള്‍ ആറാമന്‍ മാര്‍പ്പാപ്പ, ഏല്‍ സാല്‍വഡോറില്‍ ബിഷപ്പായിരിക്കെ രക്തസാക്ഷിയായ ഓസ്‌കാര്‍ റൊമെറോ, പുല്ലുവഴിയില്‍ നിന്നും പുണ്യവതിയിലേക്കുള്ള വിശുദ്ധ പടവുകള്‍ സ്വജീവിതവിശുദ്ധി കൊണ്ടും, ക്രൈസ്തവവിശ്വാസം അഭംഗുരം പ്രഘോഷിച്ചുകൊണ്ടും ധീരമായി നടന്നുകയറിയ ഭാരതസഭയുടെ ആദ്യത്തെ രക്തപുഷ്പം വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ, സീറോമലബാര്‍ സഭയിലെ വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യാമ്മ, മദര്‍ തെരേസാ, ചെറുപുഷ്പം വി. കൊച്ചുത്രേസ്യായും മാതാപിതാക്കളും, അമേരിക്കന്‍ വിശുദ്ധ റോസ് ഓഫ് ലിമാ, സെ. റാഫേല്‍ പ്രധാന മാലാഖ, സെ. മേരി, സെ. ജോസഫ്, സെ. ആന്റണി ഓഫ് പാദുവ, ഫിലാഡല്‍ഫിയാ വിശുദ്ധര്‍ സെ. ജോണ്‍ ന്യൂമാന്‍, സെ. കാതറൈന്‍ ഡ്രക്‌സല്‍, നിഖ്യാ വിശ്വാസപ്രമാണത്തിന്റെ പിതാവ് സെ. അത്തനേഷ്യസ്, ഈശോസഭാ സ്ഥാപകന്‍ സെ. ഇഗ്നേഷ്യസ് ലയോള, ആദ്യത്തെ മാര്‍പാപ്പമാരായ വി. പത്രോസ്, വി. ലിനസ്, സഭയിലെ ആദ്യ രക്തസാക്ഷി സെ. സ്റ്റീഫന്‍, ആദ്യകുര്‍ബാനക്കാരുടെ മധ്യസ്തന്‍ ടാര്‍സിഷ്യസ്, സണ്ടേ സ്‌കൂളിന്റെയും, സെമിനാരിക്കാരുടെയും മധ്യസ്തന്‍ സെ. ചാള്‍സ് ബൊറോമിയോ, സെ. ജോണ്‍ (ഡോണ്‍) ബോസ്‌ക്കോ, യേശുവിനോടൊപ്പം വലതുവശത്തു കുരിശില്‍ തറക്കപ്പെട്ട നല്ല കള്ളന്‍ സെ. ഡിസ്മസ്, സെ. തോമസ് മൂര്‍, മോണിക്കാ പുണ്യവതി, സെ. മരിയ ഗൊരേത്തി, സെ. പാദ്രേ പിയോ, സെ. ആഗ്നസ്, ആദ്യ നേറ്റീവ് അമേരിക്കന്‍ സെയിന്റ് കടേരി ടെകാക്വിത, സഭാ പിതാക്കന്മാരായ സെ. അംബ്രോസ്, സെ. ജെറോം, സെ. അഗസ്റ്റിന്‍, മഹാനായ ഗ്രിഗറി, യേശുശിഷ്യന്മാരായ സെ. പോള്‍, സെ. ജയിംസ്, സെ. മാത്യു, സെ. ജോണ്‍, സെ. തോമസ്, ശ്രേഷ്ടപാപ്പാദ്വയങ്ങളായ സെ. ജോണ്‍ പോള്‍ രണ്ടാമന്‍, സെ. ജോണ്‍ ഇരുപത്തിമൂന്നാമന്‍, ഭാരതസഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയ, വാഴ്ത്തപ്പെട്ടവരായ കുഞ്ഞച്ചന്‍, മറിയം ത്രേസ്യാ, സെ. ജൂനിപ്പെറോ സെറാ തുടങ്ങിയുള്ള വിശുദ്ധരുടെ വേഷമാണ് അണിഞ്ഞത്തെിയത്.

ഇടവക വികാരി ഫാ.വിനോദ് മഠത്തിപ്പറമ്പില്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മതാധ്യാപകര്‍ പരിപാടികള്‍ ചിട്ടയായി ക്രമീകരിച്ചു. ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭതസംഘടനാഭാരവാഹികള്‍, മാതാപിതാക്കള്‍ എന്നിവരും വിശുദ്ധ പരേഡ് അണിയിച്ചൊരുക്കുന്നതില്‍ ഭാഗഭാക്കുകളായി. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു. 

വാര്‍ത്ത അയച്ചത് : ജോസ് മാളേയ്ക്കല്‍