ഫിലഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ മാതൃസംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. സുമോദ് നെല്ലിക്കാല ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പൊതുയോഗത്തില്‍ സംഘടനകളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും. അങ്ങനെ പ്രവര്‍ത്തിച്ചുവെങ്കില്‍ മാത്രമേ സംഘടന വളരുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  

ഓണാഘോഷ പരിപാടികളുടെ ചെയര്‍മാനായി പ്രവൃത്തിച്ചത് ഫിലാഡല്‍ഫിയായിലെ അറിയപ്പെടുന്ന എഴുത്തുകാരനും വാഗ്മിയും മികച്ച സംഘാടകനും മാധ്യമപ്രവര്‍ത്തകനുമായ വിന്‍സെന്റ് ഇമ്മാനുവലും കോ-ചെയര്‍മാനായി പ്രവര്‍ത്തിച്ചത് ജോര്‍ജ് നടവയലുമായിരുന്നു. ഡോ.ജാസ്മിന്‍ വിന്‍സെന്റിന്റെ അമേരിക്കന്‍ ദേശീയഗാനവും, ജസിലിന്‍ മാത്യുവും കൂട്ടരും കൂടി ആലപിച്ച ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ യോഗാധ്യക്ഷന്‍ സുമോദ് നെല്ലിക്കാലയോടൊപ്പം മുഖ്യാതിഥിയായി സിനിമാ നടി ഗീതയും ഡോ.റോസ്ലിനും ആയിരുന്നു. കൂടാതെ ക്ഷണിതാക്കളായി സ്റ്റേറ്റ് സെനറ്റര്‍ ഷരീഫ് സ്ട്രീറ്റ്, ജോന്‍സബറ്റീന, സിറ്റി കണ്‍ട്രോളര്‍ റെബേക്കാ റണാട്ട് ഇന്ത്യന്‍ കൗണ്‍സില്‍ വിജയകൃഷ്ണന്‍ ഫൊക്കാനാ പ്രസിഡന്റ് രാജന്‍ പടവത്തില്‍, ചാനല്‍ 6 ന്റെ ന്യൂസ് റിപ്പോര്‍ട്ടറായ ഡാന്‍ ഗോയാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നല്‍കി. ഫൊക്കാനാ പ്രസിഡന്റ് രാജന്‍ പടവത്തില്‍ തന്റെ ആശംസാ പ്രസംഗത്തില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ഈ ഓണാഘോഷം മറ്റുള്ള ഫൊക്കാനാ, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ക്ക് ഒരു മാതൃകയായി തീരട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കസവ് സാരിയണിഞ്ഞ സ്ത്രീകളും മുണ്ടും ജുബ്ബയും ധരിച്ച പുരുഷന്മാരുടെയും അകമ്പടിയോടുകൂടി പുഷ്പവൃഷ്ടി നടത്തി മാവേലി മന്നന്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുവാന്‍ എത്തിയപ്പോള്‍ താലപ്പൊലികളും ചെണ്ടവാദ്യമേളങ്ങളും ആട്ടവും പാട്ടവും തെയ്യംകളി, കഥകളി എന്നിവ കൂടി ആയപ്പോള്‍ റോഷി കുരിയാക്കോസ് നഗര്‍ ആയിരങ്ങളേ സാക്ഷി നിര്‍ത്തിക്കൊണ്ടു ശബ്ദമുഖരിതമായി. ആയിരത്തില്‍ പരം ജനങ്ങള്‍ പങ്കെടുക്കുന്ന ആഘോഷം ആയിരുന്നതിനാല്‍ കോവിഡ് മാനദണ്ഡം അനുസരിച്ചു ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്.

മെഗാ തിരുവാതിര, പ്രാചീനകലകളേ ഓര്‍ത്തെടുത്തുകൊണ്ട് പി.കെ.സോമരാജന്റെ തെയ്യംകളിയും മോഹന്റെ കഥകളി മറ്റു വിവിധ ഇനം സിംഗിള്‍ ഡാന്‍സുകളും ഗ്രൂപ്പു ഡാന്‍സുകളും എന്‍.ആര്‍.ഐ ബാന്‍ഡ്, സാബു പാമ്പാടി, ജീനാ നിഖില്‍, ജെയ്സണ്‍, ജസ്ലിന്‍ മാത്യു, ജോര്‍ജ് കടവില്‍ തുടങ്ങിയവരുടെ ഗാനങ്ങളുമൊക്കെ കൂടി സദസ്സിനെ ആനന്ദ സാഗരത്തില്‍ ആറാടിച്ചു. വിവിധ തരത്തിലുളള പായസമേളയും സമൃദ്ധമായ ഓണസദ്യയും വടംവലിയും ഓണാഘോഷത്തെ ഗംഭീരമാക്കി. സുരേഷ് നായര്‍ ഒരുക്കിയ ഓണ പൂക്കളം ശ്രദ്ധേയമായിരുന്നു. 

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ജോര്‍ജ് ഓലിക്കല്‍, സാജന്‍ വര്‍ഗീസ്, രാജന്‍ സാമുവല്‍, റോണി വര്‍ഗ്ഗീസ്, ജോബി ജോര്‍ജ് ഫീലിപ്പോസ് ചെറിയാന്‍, ബെന്നി കൊട്ടാരം, അലക്സ് തോമസ്, സുധാകര്‍ത്താ, ജീമോന്‍ ജോര്‍ജ്, കുര്യന്‍ രാജന്‍, ലിനോ സക്കറിയ, ജോണ്‍ സാമുവല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. രാജന്‍ സാമുവല്‍ അതിഥികള്‍ക്കും സദസ്സിനും ക്ഷണിതാക്കള്‍ക്കും കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും മറ്റ് സംഘാടകര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് രാത്രി 10 മണിയോടുകൂടി ആഘോഷ പരിപാടികളുടെ തിരശ്ശീല വീണു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി