ഹൂസ്റ്റണ്‍: ടെക്‌സസിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടിയുടെ ചരിത്രത്തില്‍ ആദ്യമായി കൗണ്ടിയുടെ ആസ്ഥാനത്ത് ഓണമാഘോഷിച്ച് കൗണ്ടിയുടെ അമരക്കാരനും മലയാളിയും ടെക്‌സസിലെ കൗണ്ടി ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യന്‍ അമേരിക്കകാരനുമായ കെ.പി. ജോര്‍ജ് ശ്രദ്ധേയനായി.

ഓഗസ്റ്റ് 24 ന് കമ്മീഷണേര്‍സ് കോര്‍ട്ട് ഓഫീസില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ കൗണ്ടിയിലെ പ്രമുഖരോടൊപ്പം മലയാളി പ്രമുഖരും പങ്കെടുത്തു.

ജഡ്ജ് കെ.പി.ജോര്‍ജ്, കോണ്‍സല്‍ അശോക് കുമാര്‍, ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ് പൊന്നുപിള്ള എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി. പൊന്നുപിള്ളയുടെ നേതൃത്വത്തില്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഭാരവാഹികള്‍ മനോഹരമായ ഒരു പൂക്കളവും ഒരുക്കി.

ഡിസ്ട്രിക്ട് അറ്റോര്‍ണി ബ്രയാന്‍ മിഡില്‍ട്ടണ്‍, കൗണ്ടി അറ്റോര്‍ണി ബ്രിജെറ്റ് സ്മിത്ത് ലോസണ്‍, ഡിസ്ട്രിക്ട് കൗണ്ടി ക്ലാര്‍ക്ക് ബെവര്‍ലി വാക്കര്‍, ടാക്‌സ് അസ്സെസര്‍ കളക്ടര്‍ കാര്‍മെന്‍ ടര്‍ണര്‍, ഇന്ത്യന്‍ കോണ്‍സല്‍ അശോക് കുമാര്‍, ജിമ്മി കുന്നശ്ശേരി, തോമസ് ചെറുകര എന്നിവരോടൊപ്പം കൗണ്ടി ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കെടുത്ത് ഓണാശംസകള്‍ നേര്‍ന്നു. 

കൗണ്ടി ഉദ്യോഗസ്ഥരോടൊപ്പം മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു ബാബു തെക്കേക്കര ആഘോഷ പരിപാടികള്‍ ഏകോപിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി