ഹൂസ്റ്റണ്‍: കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിലും ഈ ഓണക്കാലത്തു പ്രജകളെ കാണാനും വിശേഷങ്ങള്‍ തിരക്കാനും സൂര്യതേജസോടെ മാവേലി തമ്പുരാന്‍ ഹ്യൂസ്റ്റണില്‍ എത്തി.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ന്റെ ഓണാഘോഷം പരമ്പരാഗത രീതിയില്‍ ആഘോഷിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ പ്രധാന ആകര്‍ഷണമായ 'മാവേലിയുടെ എഴുന്നള്ളത്ത് ', പ്രജകള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു. അനില്‍ ആറന്മുള നേതൃത്വം നല്‍കിയ 'കേളി' പഞ്ചവാദ്യസംഘം മേളപ്പെരുക്കത്തോടെ മാവേലിയെ എതിരേറ്റു. താലപ്പൊലിയേന്തിയ തരുണീമണിമാരുടെ വന്‍ സംഘം മാവേലിക്ക് രാജകീയ സ്വീകരണം നല്‍കി വേദിയിലേക്ക് ആനയിച്ചു. തന്റെ വാത്സല്യ പ്രജകളെ അനുഗ്രഹിച്ച് മഹാബലി ഓണസന്ദേശം നല്‍കിയ ശേഷം മെഗാതിരുവാതിര ആസ്വദിച്ചു. വരും വര്‍ഷങ്ങളിലെ ഓണനാളുകളില്‍ പുത്തനുടുപ്പിട്ട, ചിരിക്കുന്ന മുഖമുള്ള തന്റെ പ്രജകളെ കാണാം എന്ന പ്രതീക്ഷയില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ണുന്ന വാത്സല്യ പ്രജകളെ കണ്‍ കുളിര്‍ക്കെ കണ്ടു. ചില റേഡിയോ - ടിവി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച മഹാബലി അവിടെ നിന്നും ലോക മലയാളികള്‍ക്ക് ഓണസന്ദേശം നല്‍കി.

ഹൂസ്റ്റണ്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നല്ല ഒരു കലാകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയായ റെനി കവലയില്‍ 'മാവേലി തമ്പുരാനെ' ഈ വര്‍ഷവും ഉജ്ജ്വലമാക്കി. 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി