ഓസ്റ്റിന്‍: ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്‍ (ഗാമ) വ്യത്യസ്തമായ വിവിധയിനം പരിപാടികളോടെ ഓണ്‍ലൈനായി ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചു. എല്ലാ കൊല്ലവും നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയും ഓസ്റ്റിന്‍ മലയാളികളുടെ കൂട്ടായ്മയായും ആയി നടത്താറുള്ള ഓണാഘോഷം ഓണ്‍ലൈന്‍ ആയി എങ്ങനെ നടത്താം എന്ന വെല്ലുവിളി ആയിരുന്നു ഗാമ പ്രവര്‍ത്തര്‍ക്ക്. ഓണ്‍ലൈന്‍ പൂക്കള മത്സരവും, സദ്യ ചലഞ്ചുമായി അത്തം മുതല്‍ ഓസ്റ്റിന്‍ മലയാളികളെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്തെ എങ്ങനെ പോസിറ്റീവ് ആയി നോക്കി കാണാം എന്ന തീമില്‍ ഒരു ഷോര്‍ട്ട് ഫിലിം കോണ്ടസ്റ്റും, കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകശ്രീ അവാര്‍ഡും ആയപ്പോള്‍ ഓസ്റ്റിന്‍ മലയാളികള്‍ തിരക്കിലായി.

ഉത്രാടം നാളില്‍  ഗാമ പ്രവര്‍ത്തകര്‍ പായസവിതരണം നടത്തി. ഒന്നാം ഓണത്തിന്  ഓണ്‍ലൈനായി, വ്യത്യസ്തമായ ഒരു പിടി പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ പറ്റിയ സന്തോഷത്തില്‍ ആണ് ഗാമ. മലയാള ചലച്ചിത്ര താരം അശോകന്‍, ബഡായി ബംഗ്ലാവിലെ ആര്യ എന്നിവര്‍ ഓണ്‍ലൈന്‍ ആയി ചേര്‍ന്നപ്പോള്‍ പരിപാടികള്‍ ഓസ്റ്റിന്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവം ആയി. കര്‍ഷകശ്രീ അവാര്‍ഡുകള്‍, ഷോര്‍ട്ട് ഫിലിം വിന്നേഴ്സ് എന്നിവ പരിപാടിക്കിടയില്‍ പ്രഖ്യാപിച്ചു. കോവിഡ് കാലത്തേ സുരക്ഷാ ക്രമങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് മഹാബലി അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി ഒരു ഓണ്‍ലൈന്‍ സ്‌കിറ്റും ഗാമ ഒരുക്കിയിരുന്നു.

കോവിഡ് കാലത്തെ ഗാമ നടത്തിയ ഫണ്ട് സമാഹരണത്തിന്റെ വിവരങ്ങള്‍ ഗാമ ഇതിനിടയില്‍ കൊടുക്കുകയും ചെയ്തു.

ഗാമയുടെ ഓണത്തിന് ആശംസകള്‍ അറിയിച്ച് മലയാളത്തിന്റെ സ്വന്തം താരങ്ങള്‍ പലരും റെക്കോര്‍ഡ് ചെയ്തയച്ച മെസ്സേജുകളും, ഗാമയുടെ പതിനഞ്ചാം കൊല്ലം ആഘോഷിക്കുന്നതിന്റെ ഭാഗമായി മുന്‍കാല പ്രസിഡന്റുമാരുടെ സന്ദേശങ്ങളും പരിപാടികളുടെ ഭാഗമായിരുന്നു.

ഓണ്‍ലൈനില്‍ ആയെങ്കിലും ഓണം ആഘോഷിക്കാന്‍  അവസരമുണ്ടായതിന് എല്ലാവര്‍ക്കും നന്ദി അറിയിച്ചു അടുത്ത കൊല്ലം ഇതിലും ഗംഭീരമായി ഓണം ആഘോഷിക്കാന്‍ പറ്റട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട്  ഇക്കൊല്ലത്തെ ഓണാഘോഷത്തിന് തിരശീല വീണു.