ടല്ലഹാസ്സി: മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (MAT) സെപ്റ്റംബര്‍ 14 ന്ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് ഓണാഘോഷപരിപാടികള്‍ നടത്തി. ചിത്രഗിരി, ജിന്‍സിപ്രഷീല്‍, ഷീജ അരുണ്‍ എന്നിവരുടെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ്് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധനചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയുംചെയ്തു. അസോസിയേഷന്‍ ട്രഷറര്‍ സോണിയ പ്രദീപ് സ്വാഗത പ്രസംഗം നടത്തുകയും കലാപരിപാടികളുടെ അവതാരികയായും പ്രവര്‍ത്തിച്ചു
ഓമന ഭരതന്‍, .ലില്ലി അക്കരപ്പുറം, ലാലി ആല്‍ബര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.

ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും മുതിര്‍ന്ന കുട്ടികള്‍ വിശദീകരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഫാഷന്‍ഷോ, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയപരിപാടികളും അരങ്ങേറി. മിനി സിനിലും സംഘവും തിരുവാതിര അവതരിപ്പിച്ചു. ഡോ.സുമേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി. 

തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ആവേശകരമായ വടംവലി മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്രഗിരി അവതാരികയായ അംഗങ്ങളുടെയും കുട്ടികളുടെയും ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റ്കൂട്ടി. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ ഭാരവാഹിയായ അരുണ്‍ജോര്‍ജ് നന്ദിരേഖപ്പെടുത്തി.

2018 ലെ പ്രളയനാളുകളില്‍ കേരളത്തിന്റെ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷനല്‍കുന്ന പദ്ധതിയിലേക്ക് സംഭാവന സമാഹരണവും നടന്നു.

ജോയിച്ചന്‍ പുതുക്കുളം